KeralaLatest News

സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെ എട്ട് വയസുകാരി മരിച്ചു

കോട്ടയം: കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെ എട്ട് വയസുകാരി മരിച്ചു. കുടമാളൂര്‍ കിംസ് ആശുപത്രിയിലാണ് ചികിത്സയ്‌ക്കെത്തിച്ച എട്ടു വയസുകാരി മരിച്ചത്.ആര്‍പ്പൂക്കര പനമ്പാലം കാവില്‍ എ.വി ചാക്കോ മറിയം ദമ്പതികളുടെ മകള്‍ എയ്ന്‍ അല്‍ഫോണ്‍സ് (എട്ട്) മരിച്ചത്.സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പിഴവ് സംഭവിച്ചതായി ആരോപിച്ച് ആശുപത്രിയില്‍ നേരിയ വാക്കേറ്റം.ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചികിത്സാ പിഴവിന് കിംസ് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്‌നെയുമായി മാതാവ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ മാതാപിതാക്കള്‍ കുട്ടിയെയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാത്രി വൈകിയും അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ബന്ധുക്കള്‍ എട്ടരയോടെ കിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കുട്ടിയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഒന്‍പതരോടെ കുട്ടി മരിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വാക്കേറ്റത്തിലെത്തിയത്. ഇതിനിടെ ആശുപത്രിയ്ക്ക് മുന്നിലെ ആറ്റില്‍ ചാടി കുട്ടിയുടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.വയറുവേദനയെ തുടര്‍ന്ന് മാസങ്ങളായി ഇ.എസ്.ഐയിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എയ്‌നെ ചികിത്സിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് എയ്‌ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ജുബേഷിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് ബീന കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്‌സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, തങ്ങളുടെ ഭാഗത്ത് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കൃത്യമായ രീതിയില്‍ ആവശ്യമായ ചികിത്സ കുട്ടിയ്ക്ക് നല്‍കിയെന്നുമാണ് കിംസ് ആശുപത്രി അധികൃതരുടെ വാദം.

ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന പരാതിയില്‍ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം തുടര്‍ അന്വേഷണം ആരംഭിക്കും. ഒരു മാസത്തിനിടെ നഗരത്തിലെ രണ്ടാമത്തെ ആശുപത്രിയ്‌ക്കെതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ സിനി വര്‍ഗീസ് മരിച്ച സംഭവത്തില്‍ മാങ്ങാനം മന്ദിരം ആശുപത്രിയ്‌ക്കെതിരെ നിലവില്‍ കേസ് അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button