ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനുശേഷമാണ് പാര്‍ട്ടി പട്ടിക പുറത്ത് വിട്ടത്. 90 നിയമസാഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ 77 സ്ഥാനാര്‍ഥികളുടെ പേരാണ് ബിജെപി പുറത്തു വിട്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
രാജ്നന്ദ്ഗാവോന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ് മത്സരിക്കും. ഇതേസമയം പതിന്നാല് സ്ത്രീകള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവിലെ 14 എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില്‍ നിന്ന് മത്സരിക്കും.
കൂടാതെ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഒ പി ചൗധരി, ഗോത്രനേതാവ് രാംദയാല്‍ ഉയ്കെ എന്നിവരും ആദ്യപട്ടികയിലുണ്ട്. ബിലാസ്പുറില്‍നിന്ന് അമ അഗര്‍വാളിനെയും റായ്പുര്‍ സിറ്റി(സൗത്ത്)യില്‍നിന്ന് ബ്രിജ് മോഹന്‍ അഗര്‍വാളിനെയും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
അതേസമയം തെലങ്കാനയില്‍ 38 സീറ്റുകളില്‍ ബി ജെ പി മത്സരിക്കും. ആകെ 119 സീറ്റുകളാണ് ഇവിടെയുള്ളത്. മിസോറാമില്‍ 13 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുക.
Post Your Comments