തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ വിജിലന്‍സ് കോടതി വെറുതെ വിട്ട കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി ബിജു രമേശ്. കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബാര്‍ മുതലാളി ബിജു രമേശ് ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നല്കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കെ.എം.മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. കേസ് പുനരന്വേഷിക്കുന്നതിന് ഹര്ജിക്കാര്ക്കോ വിജിലന്‍സിനോ സര്‍ക്കാരിന്റെ അനുമതി നേടാമെന്നും കോടതി പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് ബിജു രമേശ് അനുമതി തേടിയത്.
അഴിമതിനിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കൂ. അതിനാലാണ് വീണ്ടും അനുമതി തേടിയത്. കേസ് ഡിസംബര്‍ 10ന് വീണ്ടും പരിഗണിക്കും.
യു.ഡി.എഫ് ഭരണകാലത്ത് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു.
Post Your Comments