ന്യൂഡല്‍ഹി: രാജ്യത്താകമാനമുള്ള അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഡ്രിപ്പ് (ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്) പദ്ധതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ പേരില്ല. കേരളത്തിന്റെയോ തമിഴ്നാടിന്റെയോ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മിഷന് ഇത് സംബന്ധിച്ച വിശദീകരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിച്ച് ലോവര്‍ പെരിയാറിലേക്ക് ഒഴുക്കുന്ന ഫോര്‍ബേ ഡാം തമിഴ്നാട് ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ഡാം ബലപ്പെടുത്തി കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള നീക്കമാണ് തമിഴ്നാടിന്റെത് എന്ന് ഇതില്‍ നിന്നും വ്യക്തം. സാമ്പത്തിക വകുപ്പിന് കീഴിലുള്ള കാബിനറ്റ് കമ്മിറ്റി പദ്ധതിയ്ക്കായി 3,468 കോടിയുടെ സാമ്പത്തിക സഹായത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത് എന്ന് ബുധനാഴ്ച നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, 125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അണക്കെട്ടിന്റെ ഉടമയോ സംസ്ഥാന സര്‍ക്കാരോ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഏതെങ്കിലും അണക്കെട്ട് ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇത്തരത്തില്‍ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ജലകമ്മീഷന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 198 അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികളും നവീകരണവുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകബാങ്കിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ജലവിഭവ വകുപ്പിനു കീഴിലുള്ള 16 അണക്കെട്ടുകളും കെഎസ്ഇബിയുടെ 12 അണക്കെട്ടുകളും ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡാമുകള്‍ക്കായി 514 കോടിയുടെ നവീകരണ പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡ്രിപ്പ് പദ്ധതിയില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ മറുപടി ഇല്ല.
Post Your Comments