കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നും അറിയപ്പെടുന്നു.
1930 മെയ് 12. ഉപ്പുസത്യാഗ്രഹജാഥ കോഴിക്കോട് കടപ്പുറത്ത് തിരകളുടെ ഗർജനവും മറികടന്ന് മുഴങ്ങുന്നു. പോലീസിന്റെ ലാത്തിയടിയിൽ ജനങ്ങൾ ചിതറുമ്പോഴും നേതാക്കൾ മുന്നാക്കം നടക്കുകയാണ്. ഏറ്റവും മുമ്പിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹബ്. തൊട്ടുപിന്നിൽ കെ. മാധവനാർ.
അവരുടെ ശരീരത്തിൽ ലാത്തികൾ വീണുകൊണ്ടിരുന്നു. മണൽത്തരികളിൽ അബ്ദുറഹ്മാൻ സാഹബിന്റെ രക്തംവീഴുന്നത് മാധവനാർ കണ്ടു. തൂവെള്ള ഖദർവസ്ത്രം രക്തത്തിൽ കുതിർന്നു. എന്നിട്ടും അദ്ദേഹം മുന്നാക്കം നടക്കുകയാണ്. സത്യാഗ്രഹികൾ അതുകണ്ടു. ആയിരക്കണക്കിന് സത്യാഗ്രഹികൾ മുദ്രാവാക്യം വിളിച്ചു പിന്നാലെയെത്തി.
മലബാർ കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ 24 പേർ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടപ്പോൾ കേശവമേനോൻ, മൊയ്തുമൗലവി എന്നിവരോടൊപ്പം ആദ്യത്തെ ജസ്കവണ്ടിയിൽ കയറിയിരുന്നയാളാണ് അബ്ദുറഹ്മാൻ സാഹബ്. മലബാറിൽ കലാപത്തിനുശേഷം അബ്ദുറഹ്മാൻ സാഹബ് ഉത്തരേന്ത്യയിൽനിന്നുപോലും സഹായങ്ങൾ എത്തിച്ചു.
പട്ടാളനിയമ ഓർഡിനൻസ് ഉപയോഗിച്ച് അധികാരികൾ അദ്ദേഹത്തെ ജയിലിലടച്ചു. കൈകളിൽ ആമവും അരയിൽ ചങ്ങലയുമിട്ട് സാഹബിനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന കാഴ്ച, വികാരവായ്പോടെ മാധവൻനായർ വിവരിക്കുന്നുണ്ട്. അറസ്റ്റിലായ കേളപ്പനും മൊയ്തുമൗലവിയും കെ.വി. രാമൻമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ആ ധീരന്റെ വരവ് കണ്ടു.
ഒട്ടേറെ യുദ്ധഭൂമിയിലൂടെ കടന്നുപോയ ജീവിതമാണ് സാഹിബിന്റേത് . ഓരോനിമിഷവും ആപൽക്കരമായാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹബ് ജീവിച്ചത്. സ്വന്തം സമുദായത്തിന്റെ ശുദ്ധീകരണം, ദേശീയത, നാടിന്റെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടം, ഈ മൂന്നു ലോകങ്ങളാണ് അദ്ദേഹത്തിനു പ്രിയങ്കരം. ആവേശകരമായ അദ്ദേഹത്തിന്റെ പ്രസംഗം, സമുദ്രത്തിലെ തിരകൾ പോലെയാണ്.
കോൺഗ്രസിൽ അദ്ദേഹം തിളച്ചുമറിയുന്ന ഊർജത്തിന്റെ പ്രതീകമായിരുന്നു. സുഭാഷ്ചന്ദ്രബോസിന്റെ ആശയങ്ങളോട് ആഭിമുഖ്യം തോന്നിയ സാഹബ് കോൺഗ്രസിനുള്ളിൽ തീവ്രനിലപാടുള്ളവരുടെ ആവേശമായി. എന്നാൽ ആയുധമെടുക്കുന്നതിനോട് യോജിച്ചില്ല. ഗർജിക്കുന്ന സിംഹമായാണ് അദ്ദേഹത്തെ അനുയായികൾ കണ്ടത്.
Post Your Comments