ദില്ലി: ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. സെക്രട്ടറി വൈഎസ് മാലിക്കാണ് കത്ത് നല്‍കിയത്. ബന്ദിപ്പൂര്‍ വനമേഖലയിലെ റോഡിന്റെ വീതി കൂട്ടാനും രാത്രി യാത്ര നിരോധനം നീക്കുന്നതിനും പിന്തുണ തേടിയാണ് കത്ത്. ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷക്കായി റോഡിന്റെ വീതി 15 മീറ്റര്‍ വര്‍ധിപ്പിക്കുക, മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ എലവേറ്റഡ് പാത നിര്‍മ്മിക്കുക അല്ലെങ്കില്‍ റോഡിന് ഇരു വശവും 8 അടി ഉയരത്തില്‍ കമ്പി വേലി കൊണ്ട് മതില് തീര്‍ക്കുക എന്ന നിര്‍ദേശങ്ങളും കത്തിലുണ്ട്. ഇതിനായി ചെലവ് വരുന്ന 46000 കോടി കര്‍ണാടകവും കേരളവും കൂടി വഹിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം .
റോഡിന്റെ വീതി കൂട്ടുന്നത്തിലൂടെയും കമ്പി വേലി ഉയര്ത്തുന്നത്തിലൂടെയും മൃഗങ്ങളുടെ സുരക്ഷാ ഉറപ്പാക്കാം എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിലപാട്. കേന്ദ്ര നിര്‍ദേശം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പരിഗണയിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ആഗസ്ത് 8ന് സുപ്രിം കോടതിയെ അറിയിക്കും.ബന്ദിപ്പൂര്‍ വന മേഖലയിലൂടെ കടന്ന് പോകുന്ന വയനാട് മൈസൂര്‍ ദേശിയ പാത 212 ലെ രാത്രി യാത്രാവിലക്ക് നീക്കണം എന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു.
Also Read : രോഗിയെയും ചുമന്ന് ഡോക്ടർ നടന്നത് കിലോമീറ്ററുകൾ
ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദിപ്പൂരിലെ രാത്രി കാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിര്‍പ്പില്ല എന്ന് കര്‍ണാടക പൊതു മരാമത്ത് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന് കേന്ദ്രം പുതിയ കത്ത് നല്‍കിയത്. അതേസമയം ദേശിയ പാത 67 ലെ രാത്രി കാല ഗതാഗത നിയന്ത്രണം തുടരുന്നതിനോട് തമിഴ്നാടിന് എതിര്‍പ്പില്ല. അതേസമയം ബന്ദിപ്പൂര്‍ രാത്രികാല ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തര പാത ഉണ്ടാക്കണമെന്നാണ് അതോറിറ്റി സുപ്രിം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണം എന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാര്‍ശ.
Post Your Comments