Kerala

ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരളസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ ഏതു വിധത്തില്‍ പ്രാവര്‍ത്തികമാക്കാനാവുമെന്ന് സെക്രട്ടേറിയറ്റിന് പരിശോധിക്കാനാവും. പ്രവാസികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ലോക കേരളസഭ സംഘടിപ്പിച്ച രീതിയിലും ചെന്നിത്തലയുടെ സമീപനത്തിലും പാളിച്ചകൾ ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി രാമചന്ദ്രൻ

നൈപുണ്യ വികസനത്തില്‍ കേരളത്തില്‍ നല്ല ഇടപെടല്‍ നടക്കുന്നുണ്ട്. കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്‍പ്പെടെ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നത് ഇതിലൂടെ സാധ്യമാകും. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തുന്നവരുടെ സംരക്ഷണം പൂര്‍ണരീതിയില്‍ നടപ്പാക്കാന്‍ ശ്രമം നടക്കുകയാണ്. വിദേശത്ത് യുവജനോത്‌സവങ്ങള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണ്. കേരള വികസനത്തിനുതകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഇവ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ എംബസികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവും. മതനിരപേക്ഷതയും ജനാധിപത്യവുമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. അത് പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ വിദേശങ്ങളില്‍ സംഘടിപ്പിക്കാനാവണം. വിവിധ രാജ്യങ്ങളില്‍ ലോകകേരള സഭയുടെ സന്ദേശം പകരുന്ന സമ്മേളനങ്ങള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വ്യാപക പ്രചാരണം നടത്തണമെന്നും ഇത് താഴെത്തട്ടിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, സി. ഇ. ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസിക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ. വരദരാജന്‍, എം. എ യൂസഫലി, രവിപിള്ള, സി. വി. റപ്പായി, വിദ്യാ അഭിലാഷ്, ഡോ. ആസാദ് മൂപ്പന്‍, കെ. എന്‍. ഹരിലാല്‍, പി. ടി. കുഞ്ഞുമുഹമ്മദ്, ബെന്യാമിന്‍, സച്ചിദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button