കോട്ടയം : കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐജിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. കെവിനെ തട്ടികൊണ്ടുപോയ ഉടൻ പോലീസ് അറിഞ്ഞു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗർ എ.എസ്.ഐ ബിജുവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ബിജു പ്രതികളുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നു. ആറു മണിക്ക് സംസാരിച്ചപ്പോൾ കെവിൻ രക്ഷപ്പെട്ടതായി പ്രതി ഷാനു ചാക്കോ ബിജുവിനോട് പറഞ്ഞു. ഗൗരവം മനസിലാക്കാതെ വെറും കുടുംബ പ്രശ്നമാക്കി പോലീസ് മാറ്റി. ഞായറാഴ്ച്ച പുലർച്ചെ എ.എസ്.ഐ ബിജു മാന്നാനത്ത് എത്തിയിരുന്നു. എന്നിട്ടും വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചില്ല.
എസ്.ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച്ച രാവിലെ 9 മണിക്കാണ്. സസ്പെൻഡ് ചെയ്ത എസ് പി സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിങ്സടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്.
കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പൊലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്ഐ ഷിബു കൂട്ടാക്കിയില്ല. മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്ട്രോള് റൂമില്‍ വിവരമറിയിക്കുക പോലും ചെയ്തില്ല. ഇതിന് പിന്നിലും എഎസ്ഐയുടെ ഇടപെടലുണ്ട്.
പ്രതികളുമായി ഒത്തുതീര്‍പ്പിന് ബിജു നീക്കം നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വ്യക്തമാണ്. ബിജുവുമായി ഷാനുവിന്റെ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. അക്രമം നടക്കുമെന്നും കെവിനെ തട്ടിക്കൊണ്ടു പോയത് ഷാനുവാണെന്നും ബിജുവിന് കൃത്യമായ വിവരം ഉണ്ടായിരുന്നെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെവിന് ചാടിപ്പോയെന്നും അങ്ങ് എത്തിയാണോ ചാടിപ്പോയതെന്നും ബിജു ചോദിക്കുന്നുണ്ട്. ഇതെല്ലാം ഗൂഢാലോചനയില്‍ ബിജുവിനുള്ള ബന്ധത്തിന് തെളിവാണ്.
Post Your Comments