Kerala

വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം. പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത ഉണ്ടാവണം. സര്‍വ്വകലാശാലകളില്‍ ചില ഘടനാപരിഷ്‌കാരങ്ങളും വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാങ്കേതിക സര്‍വകലാശാലയുടെ ഗവേണിങ് ബോഡി ഉടനെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുടെ അഭിപ്രായമാരായാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: വരാപ്പുഴ കസ്റ്റഡി മരണം : ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ അറസ്റ്റ് : തീരുമാനം ഇങ്ങനെ

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുളള നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം പവിത്രമായി കാണണം. ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. കലാലയങ്ങളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം.

കുട്ടികളെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന മാതാപിതാക്കളുടെ മാനസികാവസ്ഥയ്ക്ക് മാറ്റംവരുന്നതിന്റെ തെളിവാണ് പൊതുമേഖലാ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന വന്‍ വര്‍ധനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ കാര്യങ്ങളില്‍ നാടാകെ തത്പരരാണ്. എന്നാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ആ രംഗത്ത് നേരിട്ട് ഇടപെടുന്നത്. അതിനാലാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തകര്‍ച്ച സംഭവിച്ചിരുന്നു എന്നത് സത്യമാണ്. ആ തകര്‍ച്ചയില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം ആരംഭിച്ചത്. പദ്ധതിയിലൂടെ എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്‌കൂളിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ക്ലാസ്മുറികളുടെയും കെട്ടിടത്തിന്റെയും രൂപവും ഭാവവും മാറ്റുക, ലാബ്, ശുചിമുറികള്‍, കളിസ്ഥലം എന്നിവ മികവുറ്റതാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ മിക്ക സ്‌കൂളുകളിലും പൂര്‍ത്തിയായി. 4475 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളാണ് ഇക്കൊല്ലമൊരുങ്ങുന്നത്. പ്രൈമറി സ്‌കൂളുകളിലും ഇതിനനുസൃതമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന പണം മാത്രമല്ല, ഓരോ സ്‌കൂളിന്റെയും അഭ്യുദയകാംക്ഷികളുടെയും പി.റ്റി.ിഎയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംഭാവനകളും പ്രയോജനപ്പെടുത്തിയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസൗകര്യങ്ങള്‍ ലോകനിലവാരത്തിലാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന നിലപാടുതന്നെയാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളില്‍ മദ്യവും മയക്കുമരുന്നും വ്യാപിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച ബസുടമകളുടെ അഭിപ്രായപ്രകടനങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹം ആശങ്കപ്പെടേണ്ടതില്ല. വയനാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട 51 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button