KeralaLatest NewsNews

ഇന്ധനവില വർധന; പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി സി.പി.ഐ(എം)

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവിനെതിരെ മെയ്‌ 4-ന്‌ വൈകുന്നേരം 4 മണിക്ക്‌ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്‌തു. പെട്രോളിന്റെയും, ഡീസലിന്റെയും വിലവര്‍ദ്ധനവ്‌ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്‌. ഓരോ ദിവസവും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. എണ്ണ വിലവര്‍ദ്ധനവ്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ്‌ കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സ്ഥിതിയുണ്ടാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയായിരിക്കും ഇത്‌ പ്രതികൂലമായി ബാധിക്കുക. വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണ വിലവര്‍ദ്ധനവ്‌ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.

Read Also: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട ; മൂന്ന് പേർ പിടിയിൽ

യു.പി.എ. ഭരണകാലത്ത്‌ എണ്ണകമ്പനികള്‍ക്ക്‌ വിലവര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ടിയാണ്‌ ബി.ജെ.പി. എന്നാല്‍ ബി.ജെ.പി. അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക്‌ ദിനംപ്രതി വിലവര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ്‌ ചെയ്‌തത്‌. സ്വകാര്യഎണ്ണക്കമ്പനികളെ സഹായിക്കുന്നതിനായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്‌. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ധനവിലവര്‍ദ്ധനവിലൂടെ ജനങ്ങളില്‍ നിന്ന്‌ കവര്‍ന്നെടുത്തത്‌ ഇരുപത്‌ലക്ഷം കോടി രൂപയാണ്‌. സബ്‌സിഡി ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന്‌ നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നത്‌. രാജ്യാന്തര വിപണിയില്‍ ഇന്നുള്ളതിന്റെ ഇരട്ടി വിലയുണ്ടായിരുന്ന കാലഘട്ടത്തിലെ വിലയെക്കാള്‍ കൂടുതലാണ്‌ ഇപ്പോള്‍ പെട്രോളിനും ഡീസലിനുമുള്ളത്‌. എണ്ണ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും മെയ്‌ 4-ന്‌ നടക്കുന്ന പ്രതിഷേധസംഗമം വിജയിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button