കോട്ടയം: കെഎസ്ആര്‍ടി ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവയിലേക്ക് കൊണ്ടുപോയതിൽ സ്ഥിരം യാത്രക്കാരിയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വോയ്സ് ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിഷയം കെഎസ്ആര്‍ടിസി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ആലുവയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി വേണാട് ബസ് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി ഉത്തരവിടുകയും ചെയ്തു.
രണ്ടാഴ്ച മുന്‍പാണ് ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറിയത്. ബസിലെ സ്ഥിരം യാത്രക്കാരി പേരു വെളിപ്പെടുത്താതെ ആലുവ ഡിപ്പോ അധികൃതരെ ഫോണില്‍ വിളിച്ച് ബസ് കൊണ്ടുപോയതിനെതിരെ സംസാരിച്ചിരുന്നു. ഈരാറ്റുപേട്ട കൈപ്പള്ളി, ഈരാറ്റുപേട്ട കോട്ടയം കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയ ബസാണിത്. ബസ് ആലുവയിലേക്കു മാറ്റിയതായി കണ്ടക്ടര്‍ സമീര്‍ ഈരാറ്റുപേട്ടയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്.
തുടര്‍ന്നാണ് യുവതി ആലുവ ഡിപ്പോയിലേക്കു ഫോണ്‍ ചെയ്യുന്നത്. ജീവനക്കാരെ മാറ്റിയാലും ബസ് കൊണ്ടുപോയതു ശരിയായില്ലെന്ന യുവതിയുടെ നിലപാട് ചര്‍ച്ചയായി. ‘ബസ് ഞങ്ങളുടെ ജീവനാണ്. ഇതു തിരിച്ചുകൊണ്ടുവരാന്‍ പരാതി നല്കു’മെന്നും ഫോണ്‍ സംഭാഷണത്തില്‍ യുവതി പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ബസ് തിരിച്ചു കൊണ്ടുവരാന്‍ ഉത്തരവിറക്കി. ഇതിനിടെ ആലുവ ഡിപ്പോയ്ക്ക് കൈമാറിയ ബസ് കണ്ണൂര്‍ ഡിപ്പോയിലേക്കു മാറ്റിയിരുന്നു. ബസ് കൊണ്ടുവരാന്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാര്‍ ഇന്നലെ വൈകിട്ട് കണ്ണൂരിലേക്കു പുറപ്പെട്ടു. ഇന്നു വൈകിട്ടു തിരിച്ചെത്തും.
Post Your Comments