ദമാം: പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി സല്മാന് രാജാവ്. പലസ്തീനികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ പലസ്തീനു വേണ്ടിയുള്ള അറബ് പോരാട്ടം തുടരും.ജെറൂസലേം വിഷയത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നതായി സല്മാന് രാജാവ് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കക്കെതിരായ അന്താരാഷ്ട്ര സമവായത്തെ തങ്ങള്‍ അഭിനന്ദിക്കുന്നു. കിഴക്കന്‍ ജെറൂസലേം പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യം അറബ് ഉച്ചകോടി ആവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സൗദി നഗരങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ യമനിലെ ഹൂത്തി വിമതര്‍ക്ക് മിസൈല്‍ വിതരണം ചെയ്യുന്ന ഇറാന്റെ നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയുമുണ്ടായി. ഇതിനെതിരേ നിലപാട് സ്വീകരിച്ച യുഎന്‍ രക്ഷാ സമിതിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സൗദിയിലെ ദഹ്റാനില്‍ ഇരുപത്തി ഒന്‍പതാമത് അറബ് ഉച്ചകോടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന് രാഷ്ട്രമെന്നത് പലസ്തീനികളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യപ്രകാരം ചേര്‍ന്ന യുഎന്‍ പൊതുസഭ അമേരിക്കന്‍ തീരുമാനത്തെ വന്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അമേരിക്കന്‍ അനുകൂലനിലപാടാണ് ഉള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി സല്മാന് രാജാവ് രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുവാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്താകമാനം പ്രതിഷേധം ശക്തമാവുകുയുണ്ടായി.
Post Your Comments