ന്യൂഡല്‍ഹി : ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള പ്രകോപനങ്ങള്‍ തുടരുന്നതിനിടെ അതിര്‍ത്തികളില്‍ സൈനികാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. ഈമാസം പത്തിനും 23നും ഇടയ്ക്കാണ് ‘ഗഗന് ശക്തി 2018’ എന്ന സൈനികാഭ്യാസം നടക്കുന്നത്. രാജ്യം ഇതുവരെയും നടത്തിയിട്ടുള്ള വ്യോമാഭ്യാസങ്ങളില്‍ വലുതായിരിക്കും ഇതെന്നാണു നിഗമനം. കര, നാവിക സേനകളും സൈനികാഭ്യാസത്തിന്റെ ഭാഗമാകുന്നുണ്ട്.
വ്യോമസേനാ മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈനികാഭ്യാസത്തിനുള്ള തയാറെടുപ്പിലാണ് സൈനികര്‍. യുദ്ധവിമാനങ്ങളടക്കമുള്ളവയാണ് അഭ്യാസത്തിനു തയാറെടുക്കുന്നത്. 1100ല്‍ അധികം യുദ്ധ, ഗതാഗത, റോട്ടറി വിങ് (ഹെലിക്കോപ്റ്റര്‍) വിമാനങ്ങളാണ് വ്യോമസേന തയാറാക്കുന്നത്. പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയും ചൈനയുടെ വടക്കന്‍ മേഖലയിലൂടെയുമാണ് സൈനികാഭ്യാസം നടത്തുക.
ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. നാവികസേനയുടെ മാരിടൈം കോംബാറ്റ് എയര്‍ക്രാഫ്റ്റായ മിഗ് 29 ഉം അഭ്യാസത്തിന്റെ ഭാഗമാകുന്നുണ്ട്. വ്യോമസേനയില്നിന്നുമാത്രം 300 ഉദ്യോഗസ്ഥരും 15,000 എയര്മെന്മാരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കര,നാവിക സേനാംഗങ്ങളും അഭ്യാസത്തില്‍ ഭാഗഭാക്കാകും.
ഇന്ത്യയുടെ പ്രതിരോധ, പ്രത്യാക്രമണ ശക്തികള്‍ വെളിവാക്കുന്ന തരത്തിലുള്ള സൈനികാഭ്യാസങ്ങള്‍ക്കാണ് വ്യോമസേന കോപ്പുകൂട്ടുന്നത്. മരുഭൂമിയിലും സമുദ്രതലത്തില്‍നിന്ന് ഉയര്‍ന്നും സമുദ്രത്തിലും ഇന്ത്യയുടെ സൈനികശക്തി എത്രയെന്നു കാണിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇന്ത്യയുടെ ശ്രമം. 1100 വിമാനങ്ങള്‍ മൂന്നോ നാലോ തവണകളായി 3300 മുതല്‍ 4400 വരെ പറക്കലുകള്‍ നടത്തും.
Post Your Comments