പാല: നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ച് അക്ഷയ സെന്റർ ഉടമ വെന്തുമരിച്ച സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നു പാലാ – ഉഴവൂർ റോഡിൽ വലവൂരിലാണ് അപകടമുണ്ടായത്.
സംഭവം അപകടമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത് എന്നാലിപ്പോൾ നേരിട്ട് കണ്ടവരുടെ മൊഴിയാണ് അപകടമല്ലെന്ന് സംശയിപ്പിക്കുന്നത്. കാറിൽ തീ പടരുന്നതിന് മുൻപ് ഏറെ നേരം കാർ റോഡരികത്ത് പാർക്ക് ചെയ്ത് സുരേഷ് ഫോണിൽ സംസാരിക്കുന്നത് കണ്ടവരുണ്ട്. കാറിൽ തീ പടരുന്നത് കണ്ട് അതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവർ സുരേഷിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വാതിൽതുറക്കാൻ ഇയാൾ കൂട്ടാക്കിയില്ലായെന്നാണ് വിവരം. ഇതൊരു അപകടമരണം അല്ലെന്ന നിലപാടിലാണ് നാട്ടുകാർ.
also read:കാറിന് തീ പിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കാറിൽ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പരിശോധനയിൽ കാറിനുള്ളിൽ പെട്രോൾ പടർന്നതായി കണ്ടെത്തി. സുരേഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷിന്റെ ഉടമസ്ഥതയിൽ കുടക്കച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനം രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments