മെൽബൺ: പന്തിൽ കൃത്രിമം കാണിച്ച് ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനുമെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സൂചന. ഓസ്ട്രേലിയൻ സർക്കാരിൻെറ ഇടപെടലിന് ശേഷം ഇരുവരും താൽക്കാലികമായി പദവികൾ ഒഴിഞ്ഞിരുന്നു. എന്നാൽ സ്റ്റീവ് സ്മിത്തിനെ എെസിസി ഒരു മത്സരത്തിൽ മാത്രമാണ് വിലക്കിയത്. എന്നാല്‍ ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ആജീവനാന്തമായി വിലക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ ഒരു കൊടും വഞ്ചന ചെയ്യാൻ ടീമിന് എങ്ങനെ സാധിച്ചുവെന്നാണ് സംഭവത്തിന് ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചോദിച്ചത്. എന്നാല്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ താരങ്ങൾക്കെതിരെ ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് ഓസ്ട്രേലിയയിലെ മുൻതാരങ്ങളുടെ അടക്കം പൊതുവികാരം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസീസ് താരം ബാൻ ക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത്. ഇതിൻെറ വീഡിയോ കൂടി പുറത്ത് വന്നതോടെ ലോക ക്രിക്കറ്റിന് മുന്നിൽ ഓസ്ട്രേലിയ നാണം കെട്ടിരിക്കുകയാണ്.
Post Your Comments