KeralaLatest NewsNews

കരുണഹൃദയര്‍ കനിയുക; കരള്‍ ക്യാന്‍സറിനോട് മല്ലിടുന്ന ഉണ്മ മോഹനെ സഹായിക്കുക; പത്തനാപുരം ഗാന്ധിഭവന്റെ അപേക്ഷ

പത്തനാപുരം•ഇത് ഉണ്മമോഹന്‍, അനീതിക്കും അസമത്വങ്ങള്‍ക്കും ജാതിമതചിന്തകള്‍ക്കുമെതിരെ അഹോരാത്രം ഉണ്മയിലൂടെ പോരാടിയ ഒരു മനസ്സ്. ചുറ്റുവട്ടങ്ങള്‍ അനീതികളില്‍ ശബ്ദമുഖരിതമാകുമ്പോഴും കര്‍മ്മത്തിനും ധര്‍മ്മത്തിനുമുള്ള പ്രാധാന്യം മുറുകെപ്പിടിച്ച് കഴിഞ്ഞ 32 വര്‍ഷങ്ങളായി ഉണ്മയിലൂടെ മോഹന്‍ പോരാട്ടത്തിലായിരുന്നു. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയിലെ പാറവയലോരത്തെ കിളിപ്പാട്ട് വീട്ടില്‍ ഉണ്മ മോഹന്‍ വിധി തനിക്കുനേരെ നീട്ടിപ്പിടിച്ചിരിക്കുന്ന ദുരന്തത്തിന്റെ ആഴങ്ങളിലാണിന്ന്.

കരളില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയ നടത്തണമെന്ന അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിര്‍ദ്ദേശം മോഹന് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷക്കാലം മുമ്പാണ് കാലിനുണ്ടായ നീരിന് കുറവില്ലാത്ത നിലയില്‍ അമൃതയില്‍ ചികിത്സക്കും മറ്റ് പരിശോധനകള്‍ക്കുമായി പോകുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചു. രോഗം കരളിനെ കീഴടക്കും മുമ്പ് പത്തുമാസങ്ങള്‍ക്കുള്ളില്‍ അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തണമെന്നാണ് അമൃത ഹോസ്പിറ്റലില്‍ നിന്ന് മോഹന് നല്‍കിയ നിര്‍ദ്ദേശം. കുറഞ്ഞത് 30 ലക്ഷം ഇതിനു ചിലവു വരും.

mohan7കണ്ഠത്തില്‍ നിന്നും ഇടറി വീഴുന്ന വാക്കുകളിലും വരികളിലും ഉണ്മ മോഹന്‍ എന്ന അക്ഷരസ്‌നേഹി സ്വയം തന്റെ ജീവിതാന്ത്യം അടുത്തെത്തിയെന്നു പറയുന്നു. ”മോഹന്‍ ഒരു വട്ടനാണ്, ഇങ്ങനെ ഒരു വട്ടനെ ഞാന്‍ കണ്ടിട്ടേയില്ല” പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞ വാക്കുകളാണിത്. അതെ, മോഹന് വട്ട് തന്നെ. അക്ഷരത്തെ മോഹന്‍ അത്ര കണ്ട് സ്‌നേഹിക്കുന്നു. മാധവിക്കുട്ടി അടക്കം മലയാളത്തിലെ പ്രമുഖരായ എല്ലാ സാഹിത്യകാരന്മാരും മോഹന്റെ വീട്ടുമുറ്റത്ത് ഒത്തുചേര്‍ന്നിട്ടുണ്ട്.

1986 ജനുവരിയിലാണ് മോഹന്റെ ഉണ്മ മാസിക പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യം ഇന്‍ലന്റ് മാഗസിന്‍ ആയും പിന്നീട് ഡമ്മിയിലും പ്രസിദ്ധീകരണം നടത്തിവന്ന ഉണ്മയുടെ എഡിറ്ററും പ്രിന്ററും പബ്ലിഷറും പ്രൂഫ്‌റീഡറും ഒക്കെ മോഹന്‍ തന്നെയായിരുന്നു.

അഞ്ഞൂറ് കോപ്പിയില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഉണ്മയ്ക്ക് ഇന്ന് അയ്യായിരത്തിലേറെ വരിക്കാരുണ്ട്. വരിക്കാര്‍ നല്‍കുന്ന പ്രതിവര്‍ഷ വരിസംഖ്യ കൊണ്ടാണ് ഉണ്മ എന്ന ലിറ്റില്‍ മാഗസിന്റെ ജീവന്‍ തന്നെ നിലനില്‍ക്കുന്നത്. ഓരോ മാസവും പതിനയ്യായിരം രൂപ വീതം ചിലവഴിച്ച് മാസിക മുടങ്ങാതെ വായനക്കാരിലെത്തിക്കുന്ന കാര്യത്തില്‍ മോഹന്‍ നിര്‍വഹിക്കുന്ന ത്യാഗം എടുത്തുപറയേണ്ടതാണ്.

ഉണ്മയ്ക്ക് സ്വന്തമായി ഓഫീസില്ല. ജീവനക്കാരില്ല. പ്രസ്സില്ല. മറ്റ് ഏജന്‍സികളുടേയോ സംഘടനകളുടേയോ സഹായമില്ല. എല്ലാത്തിനു ഉണ്മ മോഹന്‍ എന്ന ഒരേയൊരാള്‍.പരസ്യങ്ങളില്ലാതെ കടക്കെണിയിലായി ഉണ്മയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉണ്മ പബ്‌ളിക്കേഷന്‍സ് മോഹന്‍ ആരംഭിക്കുന്നത്. ഇതിനകം ആയിരത്തിലേറെ പുസ്തകങ്ങളാണ് ഉണ്മ പ്രസിദ്ധീകരിച്ചത്. അയ്യായിരത്തിലേറെ എഴുത്തുകാരാണ് ഇതില്‍ പങ്കാളികളായത്.

മലയാളസാഹിത്യലോകത്തെ കടമ്മനിട്ട, മാധവിക്കുട്ടി, അഴീക്കോട്, എം.ടി, എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, സിവക് ചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയ പ്രഗല്‍ഭരും പിന്നീട് പ്രശസ്തരായവരുമായ ആയിരത്തിലേറെ പേര്‍ ഉണ്മയില്‍ എഴുത്തുകാരായിട്ടുണ്ട്. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ അണിനിരക്കുന്ന വാര്‍ഷികപ്പതിപ്പ് ഉണ്മയ്ക്ക് മാത്രം സ്വന്തമായിരുന്നു. ഓരോ വര്‍ഷവും 11 മാസക്കാലത്തെ പ്രസിദ്ധീകരണച്ചിലവ് വഴിവരുന്ന കടം മോഹന്‍ തീര്‍ക്കുന്നത് വാര്‍ഷികപ്പതിപ്പിന്റെ വിറ്റു വരവ് വഴിയായിരുന്നു. ലിറ്റില്‍ മാഗസിനുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ യാത്ര ചെയ്യാറുണ്ടായിരുന്ന ഉണ്മ മോഹന് എപ്പോഴും വിശ്രമമില്ലാത്ത യാത്രകളും അലച്ചിലും പട്ടിണിയുമായിരുന്നു സ്വന്തം.

അക്ഷരത്തെ സ്‌നേഹിച്ചിരുന്ന നൂറുകണക്കിന് എഴുത്തുകാര്‍ക്ക് എഴുത്തിലേക്കുള്ള ചവിട്ടുപടിയാകാന്‍ പ്രചോദനമേകിയ ഉണ്മയെ ഇന്ന് സ്‌നേഹിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്കെല്ലാം വേദനനല്‍കുന്നതാണ് ഉണ്മ മോഹന്റെ ഇന്നത്തെ അവസ്ഥ.ഓണാട്ടുകരയുടെ സാംസ്‌കാരിക ഇടപെടലുകളില്‍ മുഖ്യങ്കുവഹിച്ച ഉണ്മ എന്ന ലിറ്റില്‍ മാഗസിന്റെ ജീവാത്മായിരുന്ന ഉണ്മ മോഹന് മലയാള സാഹിത്യ സാംസ്‌കാരികലോകത്തുള്ള സ്ഥാനം ഒന്നു വേറെ തന്നെ.

എണ്‍പതുകളില്‍ നൂറനാട് മോഹന്‍ എന്ന പേരില്‍ കേരളത്തിലെ സാംസ്‌കാരികവേദികളില്‍ കടന്നു വന്ന ഉണ്മ മോഹന്‍ ഉണ്മ മാസികയിലൂടെയും ഉണ്മ പബ്‌ളിക്കേഷന്‍ വഴിയും ഇതുവരെ ”കടലില്‍ കടുകല്ലെന്നും കടുകില്‍ കടലാണെന്നും ” പറയുകയുണ്ടായിരുന്നു. ആ യാത്ര സമ്മാനിച്ച കരള്‍ രോഗവുമായി ജീവകാരുണ്യത്തിനായി സ്‌നേഹനിധികള്‍ക്ക് മുമ്പില്‍ ഉണ്മമോഹന്‍ ഇന്ന് കൈകൂപ്പുന്നു.

ഉണ്മ മാസികയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവിതസഖിയാക്കിയ കണിമോളാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥനും സീതയുമാണ് മക്കള്‍. നൂറനാട് മോഹന്റെ ശസ്ത്രക്രിയയ്ക്ക് സഹായം അയയ്ക്കുന്നവര്‍ നൂറനാട് മോഹന്‍, എസ്.ബി.ഐ നൂറനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 57054379242,IFSC SBIN 0070091 എന്ന അക്കൗണ്ട് നമ്പറില്‍ സഹായങ്ങള്‍ അയച്ചു കൊടുക്കുവാന്‍ അപേക്ഷിക്കുന്നു. അക്ഷരസ്‌നേഹിയായ ഉണ്മ മോഹനെ സഹായിക്കുക. ഉണ്മ കാലത്തിന്റെ സത്യമാണ്. ഇന്നിന്റെ ആവശ്യമാണ്.പത്തനാപുരം ഗാന്ധിഭവന്റെ ഉറ്റമിത്രമായ ഉണ്മ മോഹന്റെ ജീവന്‍ രക്ഷിക്കുന്നതിലേയ്ക്ക് ഈ അഭ്യര്‍ത്ഥന ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ ഗാന്ധിഭവന്‍ മാനവസമക്ഷം സമര്‍പ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button