ബംഗളുരു: ചെരുപ്പ് മോഷ്ടിക്കുന്നത് ഇതാദ്യമല്ല. പ്രത്യേകിച്ച് ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് അഴിച്ചിടുന്ന ചെരുപ്പ് മോഷണം പോകുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ സാക്ഷാല്‍ ഉപരാഷ്ട്രപതിയുടെ തന്നെ പാദരക്ഷകള്‍ അടിച്ചുമാറ്റിയാലോ? ബംഗളുരുവിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വസതിയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തിരിച്ചുപോകാന്‍ ഇറങ്ങിയപ്പോള്‍ തന്റെ ഷൂ കാണാതെ അമ്പരന്നു.
ചില ഔദ്യോഗികപരിപാടികള്ക്കായി ബംഗളുരുവിലെത്തിയ ഉപരാഷ്ട്രപതി, കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ചയ്ക്കാണ് എം.പിയുടെ വസതിയിലെത്തിയത്. പ്രാതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയപ്പോള്‍ ഷൂ കാണാനില്ലായിരുന്നു. ഇതോടെ അങ്കലാപ്പിലായ ഗാര്‍ഡുമാരും ജീവനക്കാരും വീട്ടുവളപ്പിലെ മുക്കും മൂലയും അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
അംഗരക്ഷകര്‍ ഉടന്‍ അടുത്തുള്ള കടയിലെത്തി പുതിയ പാദരക്ഷകള്‍ വാങ്ങി വന്നു. അത് ധരിച്ചാണു വെങ്കയ്യ നായിഡു അടുത്ത പരിപാടിസ്ഥലത്തേക്കു പോയത്. ഉപരാഷ്ട്രപതിയെ കാണാന്‍ വന്‍ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. അവരില്‍ ആരെങ്കിലും ഷൂ മാറിയെടുത്തതാകാം എന്നായിരുന്നു “അന്വേഷണസംഘ”ത്തിന്റെ നിഗമനം..
Post Your Comments