KeralaLatest NewsNews

റെയില്‍വെ പൊലീസിന്റെ രഹസ്യ സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യമായി : ചോര്‍ന്നത് എങ്ങിനെയെന്നറിയാതെ റെയില്‍വെ പൊലീസ്

 

തൃശൂര്‍: ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള അമുസ്ലിം യാത്രക്കാരെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ റെയില്‍വേ പോലീസ് നല്‍കിയ ജാഗ്രതാ നിര്‍ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. രഹസ്യ സ്വഭാവമുള്ള പോലീസ് നിര്‍ദേശം പുറത്തായതെങ്ങനെയെന്ന് വിശദീകരിക്കാന്‍ പോലീസിനോ റെയില്‍വേയ്‌ക്കോ കഴിഞ്ഞിട്ടില്ല.

അതേ സമയം, ജനങ്ങള്‍ പേടിക്കേണ്ടെന്നും ഇത്തരം നടപടികള്‍ പോലീസ് സാധാരണ ചെയ്തുവരുന്നതാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ഭീഷണികളുടെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെന്നും ഡി.ജി.പി. അറിയിച്ചു.

നവംബര്‍ 27 തീയതി വച്ച് തയാറാക്കിയ സര്‍ക്കുലറാണ് തലേദിവസം തന്നെ സമൂഹമാധ്യങ്ങളില്‍ വൈറലായത്. പോലീസ് സര്‍ക്കുലറിന്റെ ഫോട്ടോ സഹിതം സംഘപരിവാര്‍ നേതാവിന്റെ വെല്ലുവിളിയും ഫെയ്‌സ്ബുക്കില്‍ വന്നു. ഹിന്ദുവിന്റെ ജീവനെടുത്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നായിരുന്നു സംഘപരിവാര്‍ നേതാവിന്റെ പോസ്റ്റ്.

വിവാദ സര്‍ക്കുലര്‍ സാധാരണയായി പൊലീസ് നല്‍കാറുള്ള ‘അലേര്‍ട്ട് മെസേജ്’ മാത്രമാണെന്നും റെയില്‍വേ സംബന്ധിച്ച വിഷയമായതിനാലാണ് സര്‍ക്കുലര്‍ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നുമാണ് പോലീസ് നിലപാട്. റെയില്‍വേ സ്റ്റേഷന്‍, ട്രെയിന്‍ എന്നിവ സംബന്ധിച്ച വിഷയമായതിനാലാണ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സര്‍ക്കുലര്‍ കൈമാറിയത്. എന്നാല്‍ എങ്ങനെയാണ് സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നു തൃശൂര്‍ റെയില്‍വേ പോലീസ് പറഞ്ഞു. സര്‍ക്കുലര്‍ ചോര്‍ന്നത് എങ്ങനെയെന്ന് പറയാനാവില്ലെന്നാണ് സ്റ്റേഷന്‍ മാനേജരുടെ നിലപാട്. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം മെസേജുകള്‍ തങ്ങള്‍ക്കു ലഭിക്കാറുണ്ടെന്നും ഇതൊരു സാധാരണ സംഭവം മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കൂട്ടമായി സഞ്ചരിക്കുന്ന അമുസ്ലിംകളെയും ശബരിമല തീര്‍ഥാടകരെയും ഭക്ഷണത്തിലും കുടിവെള്ളത്തിലും വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ഐഎസ് പദ്ധതിയിട്ടെന്നാണ് തൃശൂര്‍ റെയില്‍വേ എസ്.ഐയുടേതായി പുറത്തു വന്ന ജാഗ്രതാ സര്‍ക്കുലര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button