ഡാലസ് : അമേരിക്കയിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ. പാല് കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താന്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് വെസ്ലിയുടെ പുതിയ മൊഴി പുറത്തു വന്നിരിക്കുന്നത്.
ഈ സമയം ഭാര്യയും നഴ്സുമായ സിനി ഉറക്കത്തിലായിരുന്നുവെന്ന് വെസ്ലി പറയുന്നു. സിനിയെ അറിയിക്കാതെയാണ് മൃതദേഹം പുറത്ത് ഉപേക്ഷിച്ചതെന്നാണ് വെസ്ലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാത്രമല്ല രാവിലെ എട്ട് മണിയായിട്ടും സിനി ഉറക്കമുണര്‍ന്നില്ല എന്നും വെസ്ലി പറയുന്നു. വീട്ടില്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും നഴ്സായ ഭാര്യയെ വീട്ടില്‍ നടന്നതൊന്നും അറിയിച്ചില്ലെന്ന വെളിപ്പെടുത്തല്‍ അവിശ്വസനീയമാണ്. എന്നാല്‍ സിനിക്കെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലുമായി അവര്‍ സഹകരിക്കുന്നുമില്ല. അതിനിടെ മരിച്ചത് ഷെറിന് തന്നെയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതും സിനിയാണ്.
ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല് കുടിപ്പിക്കുന്നതിനിടെയുള്ള പ്രശ്നമായിരുന്നു ഇതിന് കാരണം. കഴുത്തു ഞെരിച്ചപ്പോള്‍ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്കി. പുതിയ മൊഴിയെത്തുടര്‍ന്നാണ് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്ലി മാത്യൂസ് മൊഴി മാറ്റിയത്. ഈ സാഹചര്യത്തില്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തും.
റിച്ചാര്ഡ്സണ് സിറ്റി ജയിലിലാണ് വെസ്ലി ഇപ്പോഴുള്ളത്. കേസില്‍ സിനി മാത്യൂസിന് പങ്കുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് ഇതുവരെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. അതിന് ശേഷമാകും കുട്ടിയുടെ മരണത്തില്‍ അന്തിമ നിലപാടില്‍ പൊലീസ് എത്തുക.
അതിനിടെ കുട്ടിയുടെ മരണത്തില്‍ അയല്‍വാസികളും പള്ളി അധികാരികളുമെല്ലാം ഞെട്ടലിലാണ്. സണ്‍ഡേ സ്കൂളില്‍ മുടങ്ങാതെ എത്തുന്ന ഊഷ്മളമായ പുഞ്ചിരിയെയാണ് നഷ്ടമായതെന്നാണ് പള്ളി അധികാരികള്‍ കുട്ടിയുടെ മരണത്തോട് പ്രതികരിച്ചത്.
ഷെറിന് മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
റിച്ചര്‍ഡ്സണിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു പൊലീസ് കണ്ടെത്തിയ മൃതദേഹം വെസ്ലി മാത്യൂസിന്റെ ഭാര്യ സിനി തിരിച്ചറിഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടു മൃതദേഹം ഷെറിന്റേതു തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ വെസ്ലി മാത്യൂസിനെ 10 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചേക്കും. വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകള്‍ യുഎസ് നിയമപ്രകാരം ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടിയെ വിട്ടുകിട്ടുന്നതിനായി ദമ്പതികള്‍ നല്കിയ അപേക്ഷ കോടതി നവംബര്‍ 13നു പരിഗണിക്കുന്നതിനായി മാറ്റി.
Post Your Comments