മൊയ്തീന്‍ പുത്തന്‍ചിറ
ടെക്സസ്•അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് റിച്ചാര്‍ഡ്സണ്‍ എന്ന സ്ഥലത്തുനിന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികളെ കാണാതാകുന്നത് ലോകത്തെല്ലായിടത്തും നടക്കുന്ന സംഭവമാണെങ്കിലും ഈ കുട്ടിയെ കാണാതായതില്‍ ദുരൂഹതകള്‍ ഏറെയാണ്. കാരണം സ്വന്തം മാതാപിതാക്കളുടെ നിരുത്തരവാദിത്വമാണ് ഈ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ തിരോധാനത്തിനു പിന്നില്‍. കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കാതിരുന്നാലോ ദുശ്ശാഠ്യമെടുത്താലോ മാതാപിതാക്കള്‍ വഴക്കു പറയുക സാധാരണയാണ്. പക്ഷെ പുലര്‍ച്ചെ മൂന്നു മണിക്ക് പാല്‍ കുടിച്ചില്ല എന്ന കാരണം പറഞ്ഞ് മൂന്നു വയസ്സുള്ള ഈ കുഞ്ഞിനെ പുറത്ത് ഒരു മരത്തിനു കീഴെ പിതാവ് കൊണ്ടു നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോന്നു, എന്നിട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക ! അഥവാ ഇനി കണ്ടില്ലെന്നു തന്നെ ഇരിക്കട്ടെ. സംഭ്രമിച്ച പിതാവ് ഉടനെ പോലീസില്‍ അറിയിക്കുകയല്ലേ വെണ്ടത്? അതും ചെയ്യാതെ ‘ങാ…. വേണമെങ്കില്‍ തനിയെ വന്നോളും’ എന്നു കരുതി രാവിലെ എട്ട് മണിവരെ തുണി കഴുകി (വാഷിംഗ് മെഷീനില്‍) എന്ന മുട്ടാപ്പോക്ക് ന്യായീകരണവും കൂടിയായാലോ? കുഞ്ഞ് തിരിച്ചു വന്നതുമില്ല. എട്ടു മണി കഴിഞ്ഞാണ് ഈ പിതാവ് പോലീസിനെ അറിയിക്കുന്നത്. കുഞ്ഞിന്റെ അമ്മ (രണ്ടാനമ്മ) ആ സമയം മുഴുവന്‍ ഉറങ്ങുകയായിരുന്നുവത്രേ… !! വീട്ടില്‍ നടന്ന സംഭവങ്ങളൊന്നും അവര്‍ അറിഞ്ഞതേ ഇല്ല.
ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ താമസിക്കുന്ന വെസ്ലി മാത്യൂസിന്റേയും സിനി മാത്യൂസിന്റേയും പുത്രി (ദത്തു പുത്രി)യാണ് ഷെറിന്‍. കുട്ടിയെ കാണാതായ വിവരം അറിഞ്ഞവര്‍ അന്നുമുതല്‍ പരിസരങ്ങളില്‍ തടിച്ചുകൂടുകയും പ്രാര്‍ത്ഥനകളും മറ്റുമായി പ്രചരണവും നടത്തുന്നുണ്ട്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. ഈ കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ മാനസിക വളര്‍ച്ചയെത്തിയിട്ടുണ്ടായിരുന്നില്ല. കൂടാതെ ഇടത്തെ കണ്ണിന് അല്പം കാഴ്ചക്കുറവുമുണ്ട്. അങ്ങനെയുള്ള ഒരു കുട്ടിയെയാണ് വെസ്ലി പുറത്തുകൊണ്ടുപോയി നിര്‍ത്തിയെന്നും പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ശുദ്ധ നുണയാണതെന്ന്. കുട്ടിയെ കാണാതായത് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളറിന് ജാമ്യത്തില്‍ വിടുകയും ചെയ്തു. പ്രദേശം വിട്ടു പോകാതിരിക്കാന്‍ മുന്‍കരുതലായി ഇലക്ട്രോണിക് ഉപകരണം ശരീരത്തില്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ എഫ്ബിഐയുടെ ‘എവിഡന്‍സ് റെസ്പോണ്‍സ്’ സംഘം വെസ്ലി മാത്യൂസിന്റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുന്‍പ് റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകള്‍ക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചില്‍ നടത്തി. അന്വേഷണത്തിന്റെ സ്വാഭാവിക പുരോഗതി എവിടെ വരെയെത്തിയെന്നോ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചുവെന്നോ റിച്ചാര്‍ഡ്സണ്‍ പോലീസ് വിശദീകരിച്ചിട്ടില്ല. എഫ്ബിഐ സംഘം എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വെസ്ലി മാത്യൂസിന്റെ മൂന്ന് വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.
കുട്ടിയെ കാണാതായ സമയത്തുതന്നെ പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അപ്പോള്‍ തന്നെ അന്വേഷണം നടത്തി കുട്ടിയെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അത്രയും സമയദൈര്‍ഘ്യത്തെക്കുറിച്ചാണ് പോലീസിന് സംശയം. പുലര്‍ച്ചെ 3:15 മുതല്‍ 8 മണിവരെ എന്തുകൊണ്ടാണ് വിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. തീര്‍ച്ചയായും അതുതന്നെയാണ് വെസ്ലിയിലേക്കും സിനിയിലേക്കും വിരല്‍ ചൂണ്ടുന്നത്. കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള, അതും ബുദ്ധി വളര്‍ച്ചയെത്താത്ത, മകളെ കാണാതായിട്ടും യാതൊരു പരിഭ്രമമോ വേവലാതിയോ ഇല്ലാതെ 8 മണിവരെ തുണി കഴുകുന്ന ഭര്‍ത്താവും സുഖനിദ്രയിലാകുന്ന ഭാര്യയും ഈ ലോകത്ത് മറ്റെങ്ങും കാണാനിടയില്ല. ‘കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്നാണല്ലോ ചൊല്ല്. വെസ്ലിക്കും സിനിയ്ക്കും അവരില്‍ പിറന്ന നാലു വയസ്സുള്ള മറ്റൊരു പെണ്‍കുഞ്ഞു കൂടി ഉണ്ട്. ഷെറിന്‍ ഒരു അധികപ്പറ്റാണെന്നു തോന്നി ആ കുട്ടിയെ അവര്‍ തന്നെ അപായപ്പെടുത്തിയതാണോ എന്ന് ഇപ്പോള്‍ പരക്കെ സംസാരമുണ്ട്.
കുഞ്ഞിനെ 100 മീറ്റര്‍ അകലെയുള്ള മരത്തിന്റെ ചുവട്ടില്‍ കൊണ്ടു നിര്‍ത്തി എന്ന് വെസ്ലി പറയുന്നത് പച്ചക്കള്ളമാണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മെനഞ്ഞെടുത്ത കള്ളക്കഥ. കൂട്ടത്തില്‍ വെസ്ലി മറ്റൊരു വിഢിത്തരവും പറഞ്ഞു..’ആ മരത്തിനു ചുറ്റും ചെന്നായ്ക്കളെ കണ്ടിട്ടുണ്ടെന്ന്….!!’ എന്നാല്‍ അങ്ങനെ ചെന്നായ്ക്കളെയൊന്നും ആ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് അയല്‍വാസികളും പ്രദേശവാസികളും പറയുന്നു. അപ്പോള്‍ തീര്‍ച്ചയായും ആ കുട്ടിയെ വെസ്ലിയും സിനിയും ചേര്‍ന്ന് അപകടപ്പെടുത്തിയതാണ്. അതിന് ചെന്നായയെ കൂട്ടുപിടിച്ചു. ചെന്നായ പിടിച്ചുകൊണ്ടുപോയാല്‍ പിന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നവര്‍ വിശ്വസിച്ചു. കുഞ്ഞിനെ ചെന്നായ പിടിക്കുകയായിരുന്നെങ്കില്‍ തന്നെ തുണിയില്‍ പൊതിഞ്ഞല്ലല്ലോ കൊണ്ടുപോകുന്നത്. കടിച്ചു പിടിക്കുമ്പോള്‍ രക്തം ചീന്തുകയില്ലേ? അങ്ങനെ യാതൊരു അടയാളവും അവിടെയെങ്ങുമില്ല.
“സ്വന്തം കുട്ടിയെ കാണാതാകുമ്പോള്‍ ഒരു പിതാവിനുണ്ടാകാവുന്ന മാനസിക വിഭ്രാന്തിയൊന്നും വെസ്ലി കാണിച്ചില്ലെന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ് പറയുന്നത്. കുട്ടിയെ കാണാതായ അന്നുതന്നെ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപിഎസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപിഎസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. കേസിന് തീരുമാനമുണ്ടാകുന്നതുവരെ അവരുടെ കസ്റ്റഡിയിലായിരിക്കും ആ കുഞ്ഞ്. ഉത്തരവാദിത്വപ്പെട്ട കുടുംബാംഗങ്ങള്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ നിബന്ധനകളോടെ കുഞ്ഞിനെ അവരെ ഏല്പിക്കും.
ഷെറിന്‍ മാത്യൂസിന് 3 അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അതുകൊണ്ടുതന്നെ വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉണ്ട്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയാണെങ്കിലും അധിക ദൂരം കൊണ്ടുപോകാനിടയില്ല. വെസ്ലിയുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പക്കാരുമൊക്കെ പല കഥകളും മെനഞ്ഞ് വെസ്ലിയേയും ഭാര്യയേയും പുണ്യവാളനും പുണ്യവാളത്തിയാക്കാനുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു കാര്യം തീര്‍ച്ചയാണ്. മനഃസ്സാക്ഷിയില്ലാത്തവരുടെ വാക്കുകള്‍ വിശ്വസിച്ച് ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെസ്ലിക്കാവില്ല.
2016 ജൂലൈയിലാണ് ബീഹാറിലെ നളന്ദയില്‍ നിന്ന് ഷെറിനെ വെസ്ലി ദമ്പതികള്‍ ദത്തെടുക്കുന്നത്. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കു ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്ക് കൂട്ടായി ഒരു പെണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്താലാണ് നളന്ദയിലെ മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് രണ്ടു വയസ്സുകാരി ഷെറിനെ ദത്തെടുക്കുന്നത്. സരസ്വതി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഗയയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സരസ്വതിയെ കണ്ടെത്തിയത്. ആ സരസ്വതിയെയാണ് വെസ്ലി ദത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതും ഷെറിന്‍ എന്ന് നാമകരണം ചെയ്തതും. അമേരിക്കയില്‍ വന്നതിനു ശേഷമാണ് ഷെറിന്റെ വൈകല്യങ്ങള്‍ ഈ കുടുംബം മനസ്സിലാക്കിയതെന്നാണ് പറയുന്നത്. അതോ ദത്തെടുക്കുന്ന സമയത്തുതന്നെ അറിയാമായിരുന്നോ എന്നും സംശയമുണ്ട്.
കുട്ടിയെ കാണാതായിട്ടും വെസ്ലിക്കോ ഭാര്യ സിനിയ്ക്കോ യാതൊരു ഭാവഭേദവുമില്ലെന്നു മാത്രമല്ല, പോലീസുമായി സഹകരിക്കുന്നുമില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരവും വെസ്ലി നല്‍കുന്നില്ലെന്നു പറയുന്നു. കുട്ടിയെ നിര്‍ത്തിയെന്നു പറയുന്ന സ്ഥലത്തും വീടിനു ചുറ്റും നാനാജാതി മതസ്ഥരായ ജനങ്ങള്‍ തടിച്ചുകൂടി പ്രാര്‍ത്ഥനാ യജ്ഞങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും വെസ്ലിയോ സിനിയോ ആ പ്രദേശത്തേക്ക് ചെന്നില്ലെന്നും, ജനങ്ങളുമായി സഹകരിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. തന്നെയുമല്ല, പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചവരെ ഭീഷണിപ്പെടുത്തുന്നതായും പറയപ്പെടുന്നു. എന്നിരുന്നാലും, വെസ്ലിക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. വെസ്ലിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നാണ് എല്ലാവരുടേയും അഭിപ്രായം.
ഷെറിനെ കാണാതായതിനു തൊട്ടുപിന്നാലെ, അതായത് പുലര്‍ച്ചെ 4 മണിക്ക് വെസ്ലിയുടെ ഒരു എസ്‌യുവി പുറത്തേക്ക് പോകുകയും ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വരികയും അതുകഴിഞ്ഞ് വെസ്ലി പോലീസിനെ വിളിക്കുകയും ചെയ്തതാണ് ഇപ്പോള്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആരാണ് വാഹനം ഓടിച്ചത്, എവിടേക്കാണ് പോയത്, എന്തിനാണ് പോയത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പോലീസിന് ലഭിക്കേണ്ടത്. അതിനൊന്നിനും വെസ്ലി പ്രതികരിച്ചിട്ടില്ല.
ഈ വാഹനം പുറത്തേക്ക് പോയതും തിരിച്ചുവന്നതുമൊക്കെ അടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് പോലീസിന് സംശയം ജനിപ്പിക്കാന്‍ കാരണം. വെസ്ലിയുടെ സമീപ പ്രദേശങ്ങളിലെ ചിലരുമായും ടെക്സസിലെ ചില സുഹൃത്തുക്കളുമായും ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ഈ സിസിടിവി ക്യാമറ സ്ഥിതിചെയ്യുന്നത് വെസ്ലിയുടെ വീടിന് തൊട്ടടുത്താണെന്നും, മേല്പറഞ്ഞ മരവും ചുറ്റുപാടും വ്യക്തമായി കാണാവുന്ന തരത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെയെങ്കില്‍ വെസ്ലി കുഞ്ഞിനെ കൊണ്ടു നിര്‍ത്തുന്നതും ക്യാമറയില്‍ പതിയേണ്ടതല്ലേ? അങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കില്‍ പോലീസ് കാണുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. അപ്പോള്‍ തീര്‍ച്ചയായും കുഞ്ഞിനെ വെസ്ലി അപായപ്പെടുത്തി ദൂരെയെവിടെയോ തള്ളിയിട്ടുണ്ട്.
മറ്റൊരു ട്വിസ്റ്റ് ഈ കേസില്‍ വന്നിരിക്കുന്നത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രഗത്ഭരായ രണ്ട് ക്രിമിനല്‍ അഭിഭാഷകരേയാണ് വെസ്ലിയും സിനിയും നിയമിച്ചിരിക്കുന്നതെന്നാണ്. സാധാരണ ഒരു അഭിഭാഷകന്‍ മതിയെന്നിരിക്കേ രണ്ടുപേരും വെവ്വേറെയാണ് ഈ അഭിഭാഷകരെ നിയമിച്ചിരിക്കുന്നതെന്നുള്ളതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇവര്‍ തെറ്റുകാരല്ലെങ്കില്‍ പിന്നെ എന്തിന് അഭിഭാഷകര്‍? ആ ചോദ്യമാണ് ഇപ്പോള്‍ ജനങ്ങളും ചോദിക്കുന്നത്. പോലീസുമായോ അന്വേഷണ ഉദ്യോഗസ്ഥരുമായോ സഹകരിക്കാന്‍ കൂട്ടാക്കാത്ത വെസ്ലിയും സിനിയും എത്രനാള്‍ പിടിച്ചു നില്‍ക്കും? ഇപ്പോള്‍ തന്നെ ഇവരുടെ വീടിനു ചുറ്റും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. എല്ലാവരും വിരല്‍ ചൂണ്ടുന്നത് വെസ്ലി കുടുംബത്തിലേക്കാണ്. മൂന്നു വയസ്സു മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വെളുപ്പാന്‍ കാലത്ത് 3 മണിക്ക് പുറത്തേക്കിറക്കിവിട്ട ഇവര്‍ മനുഷ്യരാണോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതെ, ഇവര്‍ മനുഷ്യര്‍ തന്നെയാണോ?
Post Your Comments