കണ്ണൂര്‍ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനകീയ യാത്രകള്‍ സംഘടിപ്പിക്കുന്നു. ജനകീയ യാത്ര ഏറ്റവും വിപുലമാക്കുന്നത് സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരിലാണ്. സി.പി.എമ്മുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന കണ്ണൂര്‍ ജില്ലയെയാണ് ബി.ജെ.പി. രാഷ്ട്രീയ പരീക്ഷണശാലയാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായ ഘട്ടത്തിലേക്കു കടത്തുന്നതിന്റെ സൂചനകളാണ് ഇന്നലെ ആരംഭിച്ച ജനരക്ഷായാത്രയിലൂടെ അവര്‍ വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാളില്‍ സി.പി.എം. കോട്ടയിലേക്കു നുഴഞ്ഞുകയറി തകര്‍ത്തെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാതൃക പിന്തുടര്ന്നാണ് ബി.ജെ.പി. നീക്കം. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ കണ്ണൂരില്‍ത്തന്നെ പരീക്ഷണം നടപ്പാക്കുന്നതിന്റെ ലക്ഷ്യം അതുതന്നെ. ബംഗാളില്‍ തൃണമൂലിന്റെ വിജയ ചരിത്രം ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ജനരക്ഷായാത്രയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിന് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ആസൂത്രണം ചെയ്ത പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ സംഘാടനം പൂര്‍ണമായും ദേശീയ നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉപയോഗിച്ച് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫലമുണ്ടാക്കാനാണ് സംസ്ഥാന ഘടകത്തിനുള്ള നിര്‍ദേശം.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. ഉദ്ഘാടന ദിനത്തിലും സമാപന ദിനത്തിനും പുറമേ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോഴും അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോ ദിവസമാണു പരിപാടിയെങ്കില്‍ കണ്ണൂരില്‍ അത് നാലു ദിവസമാണ്. അതിലെല്ലാം ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയുണ്ടാകും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവായ യോഗി ആദിത്യനാഥ് അടക്കമുള്ളവരെയാണ് കണ്ണൂരില്‍ എത്തിക്കുന്നത്.
ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തെത്തിക്കുന്ന ജനപ്രതിനിധികള്‍ അടക്കമുള്ള സംഘങ്ങളും യാത്രയില്‍ മാറി മാറി അണിചേരും. ഫലത്തില്‍ ഈ മാസം 17 വരെ കേരളത്തില്‍ വിപുലമായ റോഡ് ഷോയ്ക്കാണ് ബി.ജെ.പി. മുന്നൊരുക്കം പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതുവരെ ഇടത്, വലത് മുന്നണികള്‍ക്കെതിരേ മുദ്രാവാക്യമുയര്‍ത്തിയിരുന്നത് ഇപ്പോള്‍ ചുവപ്പ്- ജിഹാദി ഭീഷണിക്കെതിരേ എന്നു ചുവടുമാറ്റുകയാണ്. അക്രമരാഷ്ട്രീയത്തിന് എതിരായ നിലപാട് സി.പി.എമ്മിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ജിഹാദി മുദ്രാവാക്യത്തിന്റെ ലക്ഷ്യം ഹൈന്ദവ, ക്രിസ്ത്യന്‍ വോട്ട് ബാങ്കും. ക്രൈസ്തവ പിന്തുണയ്ക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയാണ് ആയുധമാക്കുന്നത്. കണ്ണന്താനവും പി.സി. തോമസും എല്ലാ ദിവസങ്ങളിലും യാത്രയുടെ ഭാഗമാകും.
Post Your Comments