അബൂദാബി: അപകടത്തില്‍ സാരമായി കേടുപറ്റിയ കാറിന് നിയമവിരുദ്ധമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വാഹന ഇന്‍സ്പെക്ടര്‍ക്ക് ജയിലും നാടുകടത്തലും ശിക്ഷ. അബൂദാബിയിലാണ് സംഭവം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ലൈസന്‍സിംഗ് വിഭാഗത്തില്‍ നിന്ന് വാഹനം രജിസ്റ്റര്‍ ചെയ്ത് കിട്ടില്ല എന്നതിനാലാണ് വളഞ്ഞ വഴിയില്‍ ഇയാള്‍ ശ്രമം നടത്തിയത്. കേടുപറ്റിയ കാര്‍ ഉപയോഗശൂന്യമായി സര്‍ട്ടിഫിക്കറ്റ് നല്കേണ്ടതിനു പകരം വര്‍ക്ക്ഷോപ്പിലേക്കയച്ച് കേടുപാടുകള്‍ തീര്‍ത്ത് റോഡിലിറക്കാന്‍ പറ്റുന്നതെന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കോടതി കുറ്റപ്പെടുത്തി.
കാര്‍ ഡീലറില്‍ നിന്ന് ഇതിനായി ഇയാള്‍ കൈക്കൂലി വാങ്ങിയതായും കോടതി കണ്ടെത്തി. അതേസമയം, അപകടത്തില്‍പ്പെട്ട കാറിന് ഇന്‍ഷൂറന്‍സ് കമ്പനി അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കോടതിക്ക് ബോധ്യമായി. അപകടത്തില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അബൂദാബിയിലെ ട്രാഫിക് നിയമപ്രകാരം റോഡിലിറക്കാന്‍ കൊള്ളാത്തതായി എഴുതിത്തള്ളേണ്ട കാറിനാണ് ഫിലിപ്പിനോ സ്വദേശി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി സമ്പാദിച്ചു നല്‍കിയത്.
സിറിയന്‍ സ്വദേശിയായ കാര്‍ ഡീലറില്‍ നിന്ന് 9000 ദിര്‍ഹം കൈക്കൂലി വാങ്ങിയ ശേഷമായിരുന്നു ഇത്. എന്നാല്‍ ഇത് കൈയോടെ പിടിക്കപ്പെടുകയായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ ഫിലിപ്പിനോ യുവാവിനെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലടക്കാനും അതിനു ശേഷം നാടുകടത്താനുമാണ് അബൂദാബി ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.
Post Your Comments