തിരുവനന്തപുരം•ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യും.
24ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 27 വരെ കോവളം ലീല ഹോട്ടലിലായിരിക്കും താമസിക്കുക. 25ന് രാവിലെ 10.30ന് അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.11.30 മുതല്‍ ഉച്ച കഴിഞ്ഞ് 2.45 വരെ ഹോട്ടല്‍ ടാജ് വിവാന്റയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആതിഥ്യം സ്വീകരിക്കുകയും മന്ത്രിസഭാംഗങ്ങളുമായി ആശയവിനിമയത്തിലേര്പ്പെടുകയും ചെയ്യും.
വൈകിട്ട് ആറിന് ഹോട്ടല്‍ ലീലയിലെ സാംസ്കാരിക പരിപാടികളില്‍ സംബന്ധിക്കും. ജ്ഞാനപീഠ, പത്മ, പ്രവാസി സമ്മാന്‍ പുരസ്കാര ജേതാക്കളും പ്രമുഖ പ്രവാസികളും ഈ പരിപാടിയില്‍ ക്ഷണിതാക്കളായിരിക്കും.
26ന് 11.30 മുതല്‍ 12.45 വരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഹോണററി ഡി ലിറ്റ് ബിരുദദാനചടങ്ങിലും കോഴിക്കോട് കോര്പ്പറേഷന് ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും പങ്കെടുത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് ഹോട്ടല്‍ ടാജ് ഗേറ്റ് വേയില്‍ സംസ്ഥാന തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച ശേഷം മൂന്നിന് തിരുവനന്തപുരത്തേക്ക് തിരിക്കും.
27ന് രാവിലെ 10.15ന് കൊച്ചിയിലെത്തുന്ന ഷേയ്ഖ് 11.30ന് മാരിയറ്റ് ഹോട്ടലില്‍ പ്രമുഖ പ്രവാസികളുമായി ബിസിനസ് ചര്‍ച്ചകളില്‍ സംബന്ധിച്ചശേഷം 28ന് ഷാര്‍ജയിലേക്ക് തിരികെപ്പോകും.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതു ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ സിന്‍ഹ, ഗവണ്മെന്റ് സെക്രട്ടറിമാരായ ഡോ. ഉഷ ടൈറ്റസ്, ഡോ. വി. വേണു, റാണി ജോര്‍ജ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments