കാസര്‍കോട്: മാസങ്ങളായി ജപ്തി ഭീഷണിയിലായിരുന്ന എൻഡോ സൾഫാൻ ബാധിതനു ആശ്വാസമായി സുരേഷ് ഗോപിയുടെ സഹായം. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മാസങ്ങളായി കാസര്‍കോട് ബെള്ളൂര്‍ കല്‍ക്കിയിലെ ഈ കുടുംബം ജീവിച്ചിരുന്നത്.ബാങ്കുകാര് ഇറക്കി വിട്ടാല്‍ നടു റോഡിലേക്ക് ഇറങ്ങുക അല്ലാതെ വേറെ വഴി ഒന്നും ഇല്ലായിരുന്ന ഇവർക്കാണ് ഇപ്പോൾ എം പിയുടെ സഹായം എത്തിയത്.
പിന്നാക്ക വികസന കോര്‍പറേഷനില്‍ ഇവര്‍ അടയ്ക്കാനുള്ള കുടിശികത്തുക അടയ്ക്കാമെന്നു സുരേഷ് ഗോപി അറിയിച്ചു. വായ്പയുടെ പലിശ ഒഴിവാക്കുന്നത് അടുത്ത 25നു ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പരിഗണിക്കുമെന്നു കോര്പറേഷന് അധികൃതരും ഉറപ്പു നല്കി. 2011ല്‍ സെപ്റ്റംബറിൽ ഒരുലക്ഷം രൂപ വായ്പ എടുത്തതായിരുന്നു പാര്‍വതിയുടെ ഭര്‍ത്താവ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എല്യണ്ണ ഗൗഡ. വീടും 80 സെന്റ് സ്ഥലവുമായിരുന്നു ഈടുവച്ചത്. 22,000 രൂപയോളം തിരിച്ചടച്ചിരുന്നു. അത് കഴിഞ്ഞായിരുന്നു എല്യണ്ണ ഗൗഡയുടെ മരണം.
തുടർന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. കൂലിപ്പണിയെടുത്തു കുടുംബം നോക്കുന്ന മകന് ദിനേശന് ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. മുതലും പലിശയും ഉള്‍പ്പെടെ 1,32,064 രൂപ അടച്ചില്ലെങ്കില്‍ വീടും സ്ഥലും ജപ്തിചെയ്യുമെന്ന നോട്ടിസ് ഒരാഴ്ച മുന്‍പാണു ലഭിച്ചത്.അതോടെ ഈ കുടുംബം തകർന്ന അവസ്ഥയിലായിരുന്നു.എന്‍ഡോസള്‍ഫാന്‍ സെല്ലിനെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവരും കയ്യൊഴിഞ്ഞു. അങ്ങനെ ജനിച്ച വീട്ടിൽ നിന്നും പെരുവഴിയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന ഈ കുടുംബത്തിലേക്കാണ് സുരേഷ് ഗോപി എം പിയുടെ സഹായം എത്തിയത്.
Post Your Comments