NattuvarthaLatest NewsNews

പ്രവേശനോത്സവം അവിസ്മരണീയമാക്കി കല്‍പ്പറ്റ ബഡ്‌സ് സ്‌കൂള്‍

അനിൽകുമാർ അയനിക്കോടൻ.
വയനാട്: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം അവിസ്മരണീയമായി. 7 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ബഡ്‌സ് സ്‌കൂളില്‍ പ്രവേശനം നേടിയത്. ഉത്സവാന്തരീക്ഷത്തില്‍ പാട്ടും കളി ചിരികളുമായി കൂട്ടുകാര്‍ നവാഗതരെ വരവേറ്റു.
കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പിപി.ആലി മുഖ്യപ്രഭാഷണം നടത്തി. നവാഗതര്‍ക്കുള്ള പഠന സാമഗ്രികള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത വിതരണം ചെയ്തു. അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എ. ഹാരിസ്, കെ.ടി.മുരളി , കെ.പി.ജയചന്ദ്രന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ബിജോയ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വനിത, നഗരസഭ കൗണ്‍സിലര്‍മാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ബഡ്‌സ് സ്‌കൂളാണ് കല്‍പ്പറ്റ മുണ്ടേരിയിലുള്ളത്. ആകെ 37 കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്നു മാറിയുള്ള അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. കലാപരമായും കായികമായും മികച്ച കഴിവുകളുള്ള നിരവധി കുട്ടികള്‍ ഈ സ്‌കൂളിലുണ്ട്. കല്‍പ്പറ്റ നഗരസഭയാണ് സ്‌കൂളിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത്.
വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ബഡ്‌സ് സ്‌കൂളിലെ അധ്യാപകരുടെ വേതന നിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നഗരസഭ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജീവനോപാധി ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രക്ഷിതാക്കള്‍ അംഗങ്ങളായുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ട് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നതിനും സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button