മാനന്തവാടി•നവാഗതർക്ക് മുഴുവൻ പഠനോപകരണങ്ങൾ നൽകി മാനന്തവാടി നഗരസഭ പ്രവേശനോത്സവം ശ്രദ്ധേയമായി. നഗരസഭ പരിധിയിലെ 11 ഗവർമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ 578 വിദ്യാർത്ഥികൾക്കാണ് ബാഗ്, സ്ളെയിറ്റ്, പെൻസിൽ, നോട്ട് ബുക്ക്, ക്രയോൺസ് എന്നിവ നൽകിയത്. നഗരസഭ തല പ്രവേശനോത്സവം. മാനന്തവാടി ഗവ.യു.പി.സ്ക്കൂളിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉത്ഘാടനം ചെയ്തു. പെൺകുട്ടികൾ പഠനത്തോടൊപ്പം കളരി കൂടി അഭ്യസിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമായി മാറിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കടവത്ത് മുഹമ്മദ് പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശ ചിത്രരചനയുടെ ഉദ്ഘാടനവും ലില്ലി കുര്യൻ പഠനോപകരണ വിതരണവും വർഗീസ് ജോർജ്ജ് മധുര പലഹാര വിതരണവും നടത്തി. പ്രതിഭ ശശി, പി.ടി.ബിജു, സീമന്തിനി സുരേഷ്, പി.വി. ജോർജ്ജ്, ഷൈല ജോസ്, എം.മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു.
Post Your Comments