”നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ ….. നീയെന്തേ വൈകി വന്നു പൂന്തിങ്കളേ…..”
ഒരുപാട് കവികള്‍ക്കും കഥാകാരന്മാര്‍ക്കും പ്രചോദനമായിരുന്ന, കേരളത്തിന്‍റെ സംസ്കാരിക പൈതൃകത്തിന്‍റെ അടയാളമാണ് നിളയെന്ന പേരില്‍ അറിയപ്പെട്ട നമ്മുടെ സ്വന്തം ഭാരതപ്പുഴ. ഇത് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ്. 209 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇതിന്‍റെ തീരത്താണ് പ്രസിദ്ധമായ തിരുന്നാവായ, ശുകപുരം, പന്നിയുര്‍, തൃപ്പങ്ങോട്, തിരുവില്ല്വാമല, കല്‍പ്പാത്തി തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ തമിഴ്നാടിലെ പൊള്ളാച്ചിക്കടുത്ത അണ്ണാമലയില്‍ നിന്നും ഉത്ഭവിച്ച് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വെച്ചാണ് നിള സമദ്രത്തിലെത്തുന്നത്. നിളയുടെ തീരത്തുകൂടിയുള്ളയാത്രാ ഊര്‍ജ്ജം പകരുന്നതാണ്.
എം.ടി. വാസുദേവന്‍നായര്‍ ഉള്‍പ്പെടെ ഒട്ടേറെ എഴുത്തുകാരുടെ ഊര്‍ജ്ജവും സ്വപ്നവുമെല്ലാം നിളയിലാണ്. ഭാരതപ്പുഴയുടെ തീരത്തെ വൈകുന്നേരങ്ങളും വെയിലേറ്റ് തിളങ്ങുന്ന വെളുവെളുത്ത ആറ്റുവഞ്ചിപൂക്കളുമെല്ലാം ഇവിടത്തെ മനോഹരമായ കാഴ്ചകളായിരുന്നു. പുഴയും കടലും ചേരുന്നിടം ദേശാടനപക്ഷികളുടെ വിഹാര കേന്ദ്രമാണ്. ഷെര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും പട്ടാമ്പി നഗരവുമെല്ലാം ഈ നദി കരയിലാണ് സ്ഥിതിചെയ്യുന്നത്. ഒട്ടേറെ മലയാള സിനിമകള്‍ പിറവിയെടുത്തത് ഈ നദിയുടെ സൗന്ദര്യം നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ്. ഒരുപാട് സിനിമാഗാനങ്ങളിലും കഥകളിലുമെല്ലാം നിളയുടെ സാന്നിധ്യം നമ്മുക്ക് അസ്വാദനമേകിയിട്ടുണ്ട്. ഈ നദീയെ ആശ്രയിച്ചാണ് ഒട്ടേറെ കര്‍ഷകര്‍ കൃഷിയും മൃഗപരിപാലനവും നടത്തുന്നത്. വേനല്‍കാലത്ത് വെള്ളം വറ്റി മണല്‍ പ്പരപ്പാകുമ്പോഴും ഈ നദിയുടെ സൗന്ദര്യത്തിന് ഒരു കുറവും വരാറില്ല. മഴക്കാലത്ത് വീണ്ടും പൂര്‍ണ്ണഭാവത്തിലാകുന്ന ഈ നദി ഇതിന് മുമ്പൊരിക്കലും ഇതുപോലെ വറ്റിവരണ്ടിട്ടുണ്ടാവില്ല. ഇപ്പോള്‍ കുടിവെള്ളത്തിനായി ഈ നദിയില്‍ കിണര്‍ കൂഴിക്കേണ്ട അവസ്ഥ വരെയായി. മനുഷ്യര്‍ക്കെന്നപോലെ ഈ നദിയെ ആശ്രയിക്കുന്ന ഒരുപാട് സസ്യജന്തുജാലങ്ങള്‍ക്ക് ഒരു വന്‍ തിരിച്ചടിയാണീ വരള്‍ച്ച.
പുഷ്പരാജന്‍.സി.എ.
Post Your Comments