തൃശൂര്‍: വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് രാജ്യത്തിന് മാതൃകയാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ പൂരപ്പറമ്പില്‍ അഗ്നിബാധയുണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഒഴിക്കാന്‍ സാധിക്കുന്ന ഫയര്‍ ഹൈഡ്രന്റ് പരീക്ഷിക്കും.
പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കാന്‍ പോകുന്ന വലിയ വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിലേത്. ഇനി രാജ്യത്ത് മറ്റ് വെടിക്കെട്ടുകള്‍ക്കും മാതൃകയാക്കാവുന്ന തരത്തില്‍ സുരക്ഷ ഒരുക്കാമെന്ന സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനമുതി നല്‍കിയത്. ഏറ്റവും പുതിയ സുരക്ഷ ക്രമീകരണം അഗ്നിബാധയ്ക്ക് സാധ്യതയുള്ള വന്‍കിട വ്യാവസായിക മേഖലകളിൽ ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രാന്റാണ്.
വെടിക്കെട്ട് നടക്കുന്ന പൂരപ്പറമ്പിന് ചുറ്റും സ്ഥാപിക്കുന്ന ആ പൈപ്പില്‍ നിന്നും വന്‍ശക്തിയില്‍ വെള്ളം ചീറ്റിച്ച് അഗ്നിബാധ അണയ്ക്കാന്‍ സാധിക്കും. 37 ഇടങ്ങളിലൂടെ 70 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം ചീറ്റിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനം വാട്ടര്‍ അതോറിട്ടിയാണ് ഒരുക്കുന്നത്. ദുരന്തനിവാരണ പദ്ധതിയും ഇന്‍ഷുറന്‍സ് സ്കീമുമടക്കം എക്സപ്ലോസീവ് വിഭാഗം മുന്നോട്ടു വച്ച 26 സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിച്ചുവരികയാണ്.
Post Your Comments