അഞ്ചുവര്‍ഷം മുന്‍പ് തൊടുപുഴ മണക്കാട് നടത്തിയ വിവാദമായ വണ്‍ ടു ത്രീ കൊലപാതക പ്രസംഗത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന എം.എം.മണിക്ക് വിനയാകുന്നത് നിയന്ത്രണമില്ലാത്ത നാക്ക്. അന്ന് വണ്‍ ടു ത്രീ … എണ്ണി മൂന്നുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ മണിക്ക് ഇത്തവണ മന്ത്രിസ്ഥാനം തെറിക്കാന്‍ പോകുന്നതിന് പശ്ചാത്തലമായി മറ്റൊരു വണ്‍ ടു ത്രീയുണ്ട്.
ഒരു വര്‍ഷം മുന്‍പ് സ്ഥാനമേറ്റ പിണറായി മന്ത്രിസഭയിലെ രാജിവയ്ക്കേണ്ടിവന്ന മൂന്നാമത്തെ മന്ത്രിയാകും എം.എം. മണി. ബന്ധുനിയമനവിവാദത്തില്‍ രാജിവയ്ക്കേണ്ടിവന്ന ഇ.പി.ജയരാജനാണ് വണ്‍. ഫോണില്‍ യുവതിയോട് അശ്ലീലസംഭാഷണം നടത്തിയതിന് രാജിവയ്ക്കേണ്ടിവന്ന എ.കെ.ശശീന്ദ്രനാണ് ടു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്ന മണിയാകും ത്രീ.
രാജിവയ്ക്കില്ലെന്ന് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ വിവാദം മണിയുടെ രാജികൊണ്ടേ അവസാനിക്കൂവെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, വിവാദ പ്രസ്താവനയില്‍ അനിഷ്ടം പ്രകടിപ്പിച്ച സാഹചര്യത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിവാദത്തില്‍ മണിയെ തുണയ്ക്കുന്നില്ലെന്നാണ് വിവരം.
മണക്കാട് പ്രസംഗത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിസ്ഥാനം രാജിവയ്ക്കേണ്ടിവരുകയും ഒന്നരമാസം ജയിലില്‍ കിടക്കുകയും ചെയ്തെങ്കിലും മണിയെ വീണ്ടും സിപിഎം, പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കുകയും അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാക്കി ഉയര്‍ത്തുകയും ചെയ്തു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് എംഎല്‍എയായെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ സിപിഎം സെക്രട്ടറിയേറ്റിലെ മറ്റ് മുഴുവന്‍ അംഗങ്ങളും മന്ത്രിമാരായെങ്കിലും മണിയെ മന്ത്രിയാക്കിയില്ല. വണ്‍ ടു ത്രീ കേസ് കോടതിയുള്ളതും മണിയുടെ നാവ് ഇനിയും മന്ത്രിസഭയ്ക്ക് തന്നെ ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമാണ് മണിക്ക് വിനയായത്. കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പും കാരണമായി.
എന്നാല്‍ ബന്ധുനിയമനവിവാദത്തില്‍ ജയരാജന് രാജിവയ്ക്കേണ്ടിവന്നതിനെ തുടര്‍ന്ന് മണിയുടെ മുന്നില്‍ മന്ത്രിപദവി തെളിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേകതാല്പര്യമാണ് മണിയെ തുണച്ചത്. എതായാലും പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. മന്ത്രിയായതുമുതല്‍ വിവാദപ്രസ്താവനകള്‍ നടത്തി സര്‍ക്കരിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു എം.എം മണി.
തൊടുപുഴ പോളിടെക്നിക്കിലെ വനിതാപ്രിന്സിപ്പല് വാതിലടച്ചിരിക്കുന്നത് മറ്റേ പണിക്കാണെന്ന പ്രസ്താവന വിവാദമായെങ്കിലും അതില്‍ നിന്ന് തടിതപ്പാന്‍ മണിക്കായി. നെഹ്റുകോളജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മയെക്കുറിച്ച് നടത്തിയ പ്രസ്താവനയും വിവാദമായി. ആതിരപ്പള്ളി പദ്ധതിയില്‍ ഭരണകക്ഷിയായ സിപിഐയെ പരിഹസിച്ചു. ഒടുവില്‍ ദേവികുളം സബ്കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന പ്രസ്താവനയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സുരേഷ്കുമാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്ന ആക്ഷേപവും നടത്തി വിവാദമുണ്ടാക്കിയതിന് തൊട്ടടുത്ത ദിവസം പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരേ നടത്തിയ പ്രസ്താവനയോടെ മണിയുടെ മന്ത്രിസ്ഥാനം തന്നെ തുലാസിലായി.
അഞ്ചുവര്‍ഷം മുന്‍പ് 2012 മെയ് 23 നായിരുന്നു മണിയുടെ മണക്കാട് നടത്തിയ വിവാദ വണ്‍ ടു ത്രീ പ്രസംഗം. ഇതിന് അഞ്ചുവര്‍ഷം തികയാന്‍ ഒരു മാസം മാത്രം ശേഷിക്കേ 2017 എപ്രില്‍ 23 ന് മറ്റൊരു വിവാദപ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ് മണിക്ക്. മണക്കാട് പ്രസംഗത്തിന്റെ പേരില്‍ മണിയെ പ്രതിയാക്കി കേസ് എടുത്തത് ശരിവച്ച ഹൈക്കോടതി കേസ് നടപടികള്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Post Your Comments