കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒളിവില്‍ കഴിയുന്ന അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. അതേസമയം, പോക്സോ നിയമം ചുമത്തിയതിനാല്‍ ഇവർക്ക് ജാമ്യം ലഭിക്കാന്‍ ഇടയില്ല.
എട്ടാം പ്രതി വയനാട് വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ എന്നിവർ വയനാട്ടില്‍ തന്നെ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ജില്ലയിലെത്തി. ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഫാദര്‍ തോമസ് തേരകത്തിനേയും അംഗം സിസ്റ്റര്‍ ബെറ്റിയെയും പുറത്താക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ഇന്നുണ്ടാകും. അതേസമയം ഫാദര്‍ റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷ പോലീസ് ഇന്ന് കോടതിയില്‍ നല്‍കും.
Post Your Comments