Parayathe Vayya

”സത്യ ക്രിസ്ത്യാനികള്‍ക്ക് പിണറായിയുടെ സുവിശേഷം തത്കാലം ആവശ്യമില്ല”

വിശുദ്ധ വേദപുസ്തകത്തില്‍ എസ്‌തേറിന്റെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ ഇപ്രകാരം കാണുന്നു; ”അഹശ്വേരോശിന്റെ കാലത്ത് – ഹിന്ദു ദേശം മുതല്‍ കൂശ് വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നെ…”. ക്രിസ്തു ജനിച്ചിട്ട് തന്നെ രണ്ടായിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ ജനനത്തിനും മുമ്പേ എഴുതപ്പെട്ട ഒരു പുസ്തകത്തിലെ ഈ വാചകത്തിന്റെ ചരിത്രം വെളിച്ചം വീശുന്നത് ചില ചരിത്ര സത്യങ്ങളിലേക്കാണ്. ലോക ക്രിസ്ത്യാനികളുടെ വിശുദ്ധ പുസ്തകമായ ബൈബിളില്‍ ഭാരതത്തെ പരാമര്‍ശിച്ചിട്ടുള്ള ഏകഭാഗവും ഇത് മാത്രമാണ്. ചരിത്രാതീത കാലത്ത് എഴുതപ്പെട്ട ഒരു പുസ്തകത്തില്‍ ‘ഹിന്ദു ദേശം ‘ എന്ന പരാമര്‍ശം കടന്നു കൂടിയെങ്കില്‍ അതിന് ആ പുസ്തകത്തിന്റെ ചരിത്രത്തേക്കാളും പഴക്കമുണ്ടെന്ന് സാരം. സഹസ്ര നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഹിന്ദു എന്ന സംസ്‌കാരം ലോകത്ത് മറ്റെങ്ങും ഇല്ലാത്തതു കൊണ്ടു തന്നെ ബൈബിളില്‍ പറയുന്ന ഹിന്ദു ദേശം ഭാരതമാണെന്ന് സുവ്യക്തം!

അറിവുകള്‍ കൈമാറാനും ആശയങ്ങള്‍ സംവേദനം ചെയ്യാനും പരിമിതികള്‍ മാത്രമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ അറിവ് പങ്കു വയ്ക്കപ്പെട്ടിരിക്കുന്നത്. ഒരു സംസ്്കാരത്തിന്റെയോ അല്ലെങ്കില്‍ മതത്തിന്റെയോ പേരില്‍ ഒരു നാട് അറിയപ്പെടണമെങ്കില്‍ ആ നാടും അതിന് പിന്നിലുള്ള ‘പേരും ‘ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് സാരം. ആദിമ മനുഷ്യന്‍ പോലും മനസിലാക്കിയ ആ ചരിത്ര സത്യം എന്തേ കേരളത്തിന്റെ ബഹുമാന്യ മുഖ്യമന്ത്രി പിണറായി അറിയാതെ പോയി? ഇനി പിണറായിയുടെ പ്രസ്താവനയിലേക്ക് വരാം. ഭാരതത്തെ ‘ഹിന്ദുസ്ഥാന്‍ ‘ എന്ന് വിളിക്കുന്നത് വര്‍ഗ്ഗീയമാണെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. വിഡ്ഢിത്തം പുലമ്പുന്നതും ആ വിഡ്ഢിത്തം ചരിത്രമാകുന്നതും ചരിത്രത്തെ വളച്ചൊടിച്ച് സ്വയം വിഡ്ഢികളാകുന്നതും കമ്മ്യൂണിസ്റ്റുകാരുടെ ജന്മസ്വഭാവമാണ്. അത് കൈമോശം വന്നിട്ടില്ലെന്ന് പിണറായി ഒരിക്കല്‍ കൂടി തെളിയിക്കുകയും ചെയ്തു.

രാഷ്ട്രീയ തിമിരം ബാധിച്ച ഒരു നേതാവിന്റെ ജല്‍പ്പനം മാത്രമാണ് ഇതെന്ന് ആശ്വസിക്കാമെങ്കിലും ഭാരതത്തിലെ നൂറ്റിമുപ്പത് കോടി ജനങ്ങളോടുള്ള അവഹേളനമാണ് ഇതെന്ന് കൂടി പറയാതെ തരമില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പാഴ്‌സിയും സര്‍ദ്ദാര്‍ജിയും ബുദ്ധ ജൈനമത വിശ്വാസികളും ഒക്കെ തിങ്ങി പാര്‍ക്കുന്ന മതേതര ഭാരതത്തില്‍ നാളിതുവരെ ആരും ഉന്നിയിക്കാത്ത ‘ആരോപണം’ ആണ് കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ”വിവരക്കേടിന് കയ്യും കാലും വച്ചു” എന്നൊരു ഡയലോഗ് നാട്ടിലെ ന്യൂജനറേഷന്‍ പയ്യന്‍മാര്‍ ഉപയോഗിക്കാറുണ്ട്. തീര്‍ച്ചയായും, ആ പ്രസംഗം കേട്ടപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അത്തരമൊരു അവസ്ഥയില്‍ എത്തിയോ എന്ന് സംശയിച്ചു പോകുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് ആ നാട്ടിലെ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാജനകം തന്നെയാണ്. എന്തിനുവേണ്ടിയായിരുന്നു ഇത്തരത്തില്‍ ഒരു പരാമര്‍ശം പിണറായി നടത്തിയത്? അതുകൊണ്ട് കോട്ടമല്ലാതെ എന്തെങ്കിലും നേട്ടം സമൂഹത്തില്‍ ഉണ്ടായോ? കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണം തന്നെയാണ് ആ പ്രസ്താവനയുടെ അനന്തര ഫലം. നാല് വോട്ട് കിട്ടാന്‍ വേണ്ടി, പ്രീണനത്തിന്റെ തരംതാണ വേര്‍ഷന്‍ പോലും അപ്‌ളൈ ചെയ്യുമ്പോള്‍ കുട്ടിച്ചോറാകുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തന്നെയാണ്. ഈ ഒരൊറ്റ വാചകം കൊണ്ട് കേരളത്തിലെ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും ഇടയില്‍ ഒരു അകലം ഉണ്ടായെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് പറയാതെ തരമില്ല. ആ പ്രസ്താവനക്ക് ശേഷം നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി കേരളത്തിലെ യുവത എത്രത്തോളം അസ്വസ്ഥരാണെന്ന് അറിയാന്‍. ഈ സാഹചര്യത്തില്‍ മറ്റൊരു ചരിത്രം കൂടി സഖാവ് പിണറായിയെ ഓര്‍മ്മിപ്പിക്കുകയാണ്. പണ്ട് കേരളത്തില്‍ ഒരു മുഖ്യന്‍ ഉണ്ടായിരുന്നു. പച്ചവെള്ളം പോലും ചവച്ചുകുടിക്കുന്ന എ.കെ ആന്റണിയെന്ന ആദര്‍ശധീരന്‍! അദ്ദേഹം ഒരിക്കല്‍ ഒരു പ്രസ്താവന നടത്തി- ‘ന്യൂനപക്ഷങ്ങള്‍ സംഘടിതമായി നിന്ന് അര്‍ഹിക്കാത്ത ആനുകൂല്യങ്ങള്‍ പോലും നേടിയെടുക്കുന്നെന്ന്’. ആ പ്രസ്താവനയെ തുടര്‍ന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിച്ചതും ആന്റണിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് തന്നെ ഇറക്കി വിട്ടതും മറ്റൊരു ചരിത്രം. കാലം ഏറെ കഴിഞ്ഞിട്ടും, അനുഭവങ്ങള്‍ ഏറെ ഉണ്ടായിട്ടും ഇന്നും സംഘടിക്കാന്‍ അറിയാത്ത പാവം ഹിന്ദുക്കളുടെ മേക്കിട്ട് കേറിയാല്‍ ഒന്നും സംഭവിക്കില്ലെന്ന ധാര്‍ഷ്ഠ്യം അങ്ങയ്ക്കുണ്ടാകാം. പക്ഷേ, സഹിക്കുന്നതിനും ഒരു അറുതിയില്ലേ പ്രഭോ?

അവര്‍ സംഘടിച്ചാല്‍, ചുറ്റുമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും ഈ നാടിന്റെ അവസ്ഥ? കാരണം, അങ്ങയുടെ പ്രസ്താവനയെ ഏറ്റെടുക്കുന്ന ചില വിവരദോഷികളും ഈ സമൂഹത്തില്‍ ഉണ്ടെന്ന് താങ്കള്‍ ഓര്‍ക്കണം. നാളെ സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ ‘ഭാരതം എന്റെ നാടാണ് ‘ എന്ന പ്രതിജ്ഞ ചൊല്ലുമ്പോള്‍, അതിന്റെ അവസാനം ജയ്ഹിന്ദ് എന്ന് പറഞ്ഞാല്‍ അത് വര്‍ഗ്ഗീയമാകുമോ? ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാന്‍ അങ്ങയ്ക്ക് കഴിയില്ലെന്ന് അറിയാം. സ്വാതന്ത്ര സമര സേനാനികള്‍ നെഞ്ചിലേറ്റിയ ഒരു ഗാനം ഉണ്ട് ”സാരേ ജാഹാന്‍ സേ അച്ഛാ, ഹിന്ദു സിതാ ഹമാരാ” ഈ വരികളുടെ സ്രഷ്ടാവ് ഒരു മുസ്ലീം ആണെന്ന് കൂടി അങ്ങ് ഓര്‍ക്കണം. അതാണ് ഭാരതത്തിന്റെ മഹത്തായ പൈതൃകം. ശ്രേഷ്ഠമായ പാരമ്പര്യം. അല്ലാതെ പറയുന്ന വാക്കുകളില്‍ പോലും വര്‍ഗ്ഗീയത ഉണ്ടോ എന്ന് ഭൂതക്കണ്ണാടി വച്ച് നോക്കുന്നതല്ല. ഒരു സത്യ ക്രിസ്ത്യാനി എന്ന നിലയില്‍ അങ്ങയുടെ ആ പ്രസംഗം കേട്ടപ്പോള്‍ പറയാന്‍ തോന്നിയ ഒരു മറുപടി ഉണ്ട് ”പോയി പണി നോക്ക് സാറേ”

shortlink

Related Articles

Post Your Comments

Related Articles


Back to top button