ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള ഭീം ആപ്പ് ( Bharat Interface for Money) പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടിലേറെ തവണ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഭീം ഒന്നാമതെത്തിയിരുന്നു. ഇപ്പോഴും പ്ലേ സ്റ്റോര്‍ ടോപ് ലിസ്റ്റില്‍ ഭീം തന്നെയാണ് ഒന്നാമത്. ഓഫ്‌ലൈന്‍ ഉപയോഗം ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ താമസിയാതെ എത്തും. നിലവില്‍ ഭീമിന് ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമേയുള്ളൂ. ഐഒഎസ് പതിപ്പും ഉടന്‍ എത്തുമെന്നാണ് വിവരം.
പത്ത് ദിവസം കൊണ്ട് ഒരു കോടി ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നത് തന്നെ ആഹ്ലാദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ 30നാണ് ഭീം ആപ് ലോഞ്ച് ചെയ്യുന്നത്. ഭീം ആപ്പ് ഡൗണ്‍ലോഡുകള്‍ ഒരു കോടി കവിഞ്ഞതായും ഇടപാടുകളുടെ എണ്ണം 20 ലക്ഷത്തിലേറെ ആയതായും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, പ്ലേ സ്റ്റോറില്‍ ഭീം ആപ്പിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിലെന്നാണ് കാണിക്കുന്നത്. ഇത് അപ്‌ഡേറ്റാകാന്‍ രണ്ടുദിവസം വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യയുടെ മികച്ച ഉദാരണമാണ് ഭീം ആപ്പ്. മാത്രമല്ല കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗിക്കാമെന്നും ഈ ആപ്പ് കാണിച്ചു തരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments