KeralaNews

കള്ളപ്പണം ഒഴുകിയത് സഹകരണ ബാങ്കുകളിലേയ്ക്ക് : നോട്ട് നിരോധനത്തിന് ശേഷം അരലക്ഷത്തിന് മുകളില്‍ നിക്ഷേപം നടത്തിയവര്‍ മുതല്‍ കുടുങ്ങും

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളില്‍ അരലക്ഷം രൂപയോ അതിലധികമോ നിക്ഷേപിച്ചവരുടെ പൂര്‍ണവിവരം ശേഖരിക്കുകയാണ് ആദായനികുതി വകുപ്പ്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര ധനകാര്യ ഇന്റലിജന്‍സ് വിഭാഗം സഹകരണ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം അസാധു നോട്ട് ഉപയോഗിച്ചു നിക്ഷേപം നടത്തിയവരുടെ വിവരം മാത്രമാണ് ആവശ്യപ്പെട്ടത്.

നിക്ഷേപകര്‍ സഹകരണ ബാങ്കുകള്‍ക്കു പുറമേ മറ്റു ബാങ്കുകളിലും നടത്തിയ നിക്ഷേപം കണ്ടെത്തുന്നതിനായി പാന്‍ നമ്പര്‍ അടക്കമുള്ള പൂര്‍ണവിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. പാന്‍ ഇല്ലാത്ത നിക്ഷേപകരുടെ അക്കൗണ്ടുകള്‍ പാന്‍ സമര്‍പ്പിക്കുന്നതു വരെ മരവിപ്പിക്കാനും നീക്കമുണ്ടെന്നാണു സൂചന. നേരത്തെ നോട്ട് പിന്‍വലിക്കലിന് ശേഷം സഹകരണ ബാങ്കുകള്‍ ശേഖരിച്ച പണം മാറ്റി നല്‍കണമെന്ന് ആര്‍.ബി.ഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

നോട്ട് നിരോധനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് വിവിധ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലവിലെ സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്. പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കിയാല്‍ അത് നോട്ട് നിരോധനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഈ മാസം 30 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്നതിനാല്‍ അതിന് ശേഷം വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഡിസംബര്‍ 30ന് ശേഷം സഹകരണ ബാങ്കുകള്‍ക്ക് മേല്‍ കെവൈസി നിര്‍ബന്ധമാക്കുമെന്ന കാര്യം ഉറപ്പാണ്. കള്ളപ്പണം മുഴുവന്‍ സഹകരണ ബാങ്കിലേയ്ക്കാണ്
എത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പ് പിടിമുറുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button