തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനോടൊപ്പം സഹകരണ ബാങ്കുകള്‍ക്കുണ്ടായ ബുദ്ധിമുട്ടും പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഏര്‍പ്പെടുത്തിയ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നിട്ടും അനാവശ്യമായ ഭീതി സൃഷ്ടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെടുന്നു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റാന്‍ സാധിക്കുന്നതാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം അതേപടി പാലിച്ചാല്‍ പ്രതിസന്ധി ഇല്ലാതാക്കാം. പക്ഷേ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതുകൊണ്ടാണ് പ്രതിസന്ധി തുടര്‍ന്നുപോകുന്നതെന്ന് മുരളീധരന്‍ പറയുന്നു. തുടര്‍ച്ചയായി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷം നിര്‍ദേശങ്ങളെല്ലാം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുരളീധരന്‍ പറയുന്നു.
സഹകരണ ജില്ലാ ബാങ്കുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിങ്, എല്ലാ സഹകരണ ബാങ്കുകള്‍ക്കുമായി റിസര്‍വ് ബാങ്ക് അംഗീകരിച്ച ഒരു സോഫ്റ്റ്വെയര്‍, കെവൈസി ചട്ടങ്ങള്‍ അംഗീകരിക്കല്‍, റുപേ കാര്‍ഡ് പോലുള്ള കാര്‍ഡ് നടപ്പിലാക്കല്‍, സഹകരണ ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി, എന്‍ഫോഴ്സ്മെന്റിന് കള്ളപ്പണം പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരിക്കുന്നതെന്ന് വി മുരളീധരന്‍ വ്യക്തമാക്കി.
ഇത് സമയബന്ധിതമായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇതിലൊരു തീരുമാനം എടുക്കാതെ ജനങ്ങളില്‍ ഭീതിവളര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുരളീധരന്‍ ആരോപിക്കുന്നു.
Post Your Comments