തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന് മോഹന്‍ലാലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നു മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക്പോസ്റ്റിലൂടെ വ്യക്തമാക്കി.
രാജ്യത്ത് പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് നടന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിപ്പിട്ടിരുന്നു. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനു വേണ്ടി അല്പസമയം വരി നില്ക്കാന് ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം.
അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെപ്പോലെ മോഹന്‍ലാലിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവര്ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. ആ അഭിപ്രായത്തിലെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം വ്യക്തിപരമായി ആക്ഷേപിക്കുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ട രീതിയല്ല.കലാകാരന്മാര് സാമൂഹിക വിഷയത്തില്‍ മൗനം പാലിക്കുന്നതിനേക്കാള്‍ നിലപാടുകള്‍ തുറന്നു പറയുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. മോഹന്‍ലാലിന്റെ അഭിപ്രായത്തോടു വിയോജിപ്പാണെങ്കിലും അതിനനുസരിച്ചാകരുത് അദ്ദേഹത്തിലെ കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യേണ്ടതെന്നും മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments