തിരുവനന്തപുരം: നോട്ടുകൾ ആസാധുവാക്കിയ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സമചിത്തതയില്ലാത്ത നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. 500, 1000 രൂപ നോട്ടുകളാണ് രാജ്യത്തെ പ്രചാരണത്തിലുള്ള നോട്ടുകളിൽ ഭൂരിഭാഗവും. ഒരു മുന്നറിയിപ്പും നൽകാതെ പെട്ടന്നൊരുദിവസം നോട്ടുകൾ പിൻവലിച്ചാൽ അതിനു ബദലായി ഒരു സംവിധാനം സ്വീകരിക്കണമായിരുന്നു. അല്ലാതെ ഒരു മുന്നറിയിപ്പും നൽകാതെ നാളെ ബാങ്കുകളില്ല, രണ്ടു ദിവസത്തേക്ക് എടിഎമ്മുകൾ പ്രവർത്തിക്കില്ല എന്നു പറയുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്. നോട്ടുകൾ അസാധുവാക്കിയതുമൂലം കേരളം ഉൾപ്പെടെ രാജ്യത്താകമാനം പ്രശ്നങ്ങളുണ്ടായെന്നും പിണറായി കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് റിസർവ് ബാങ്കിനു മുന്നിൽ എൽഡിഎഫ് നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിന്റെ കേന്ദ്രങ്ങൾ സഹകരണ ബാങ്കുകളാണെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കള്ളപ്പണക്കാരുടെ നിക്ഷേപങ്ങളാണ് ഇവിടെയുള്ളതെന്നാണ് അവരുടെ അവകാശവാദം. എന്നാൽ സഹകരണ ബാങ്കുകളിലുള്ളത് സാധാരണക്കാരുടെ നിക്ഷേപമാണ്. കേരളത്തിലെ ഓരോ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങൾ. ജനനം മുതൽ മരണംവരെ സാധാരണക്കാരന്റെ എല്ലാ ആവശ്യങ്ങൾക്കും സഹായം നൽകുന്നത് സഹകരണ ബാങ്കുകളാണ്. കൃഷിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും സഹകരണ സ്ഥാപനങ്ങളെയാണ്. കൃഷിക്കാർക്ക് കാർഷിക വായ്പ കൃത്യമായി കൊടുക്കുന്ന ഒരേയൊരു സ്ഥാപനം സഹകരണ സ്ഥാപനം മാത്രമാണെന്നും പിണറായി പറഞ്ഞു.
നോട്ട് നിരോധനം സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ പ്രക്ഷോഭം. റിസർവ് ബാങ്ക് റീജനൽ ഓഫിസിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ 5 വരെയാണ് സത്യഗ്രഹം നടക്കുന്നത്. മറ്റു മന്ത്രിമാരും സത്യഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.
രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കാൽനടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമരത്തോട് യോഗിക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
Post Your Comments