തിരുവനന്തപുരം: താന്‍ ഒരു ദേശീയവാദിയല്ലെന്ന് പ്രശസ്ത സംഗീതജ്ഞനും മഗ്സസെ പുരസ്കാരജേതാവുമായ ടി.എം. കൃഷ്ണ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ. ഇന്ത്യയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ദേശീയതാവാദത്തിന് താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് ഇന്ത്യയില്‍ പറയപ്പെടുന്നതുപോലെയുള്ള ഒരു ദേശീയവാദിയോ രാജ്യസ്നേഹിയോ അല്ല ഞാന്‍. അതിനാല്‍ എന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും. എന്നാല്‍, പരസ്പരബഹുമാനവും സ്നേഹവും നിറഞ്ഞുനില്ക്കുന്ന ഒരു ലോകമാണ് ഞാന്‍ അംഗീകരിക്കുന്നത്. ഇന്ന് ദേശീയതക്കു മുന്നില്‍ ഇവയെല്ലാം കീഴടങ്ങേണ്ടിവരുന്നു. അതുപോലെ ഇന്ന് സ്വാതന്ത്ര്യത്തെ ഭയം കീഴ്പ്പെടുത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലുകള്‍ ജനാധിപത്യത്തിന്‍െറ സത്തയെയാണ് തകര്‍ക്കുന്നത്. എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും പോലും ഇന്ന് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യമില്ല. എല്ലാറ്റിനെയും അടിച്ചമര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ എനിക്കുപറയാനുള്ളത് ദേശീയതയും രാജ്യസ്നേഹവുമായി ബന്ധപ്പെട്ട മറ്റൊരു തലത്തെക്കുറിച്ചാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട്ടിലെ വലിയൊരു ഭാഗത്തിന് നരേന്ദ്ര മോദി ആരായിരുന്നു എന്നറിയില്ലായിരുന്നു. അതായിരുന്നു സത്യം. പിന്നെ എവിടെയാണ് ഈ ദേശീയത. ഇത് ജനങ്ങളുടെയും സംസ്കാരത്തിന്‍െറയും വിവിധ സ്വത്വങ്ങളുടെയും രാജ്യമാണ്. ഇന്ന് ഇക്കാര്യങ്ങളെയെല്ലാം ചില അജണ്ടകളില്‍ കൂട്ടിക്കെട്ടുമ്പോള്‍ ജനങ്ങളുടെ സ്വത്വമാണ് നഷ്ടമാകുന്നത്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ എല്ലാം കൂട്ടിക്കെട്ടുമ്പോള്‍ നഷ്ടപ്പെടുന്നത് ജനങ്ങളുടെ വികാരവും ഭാവനയും സര്‍ഗാത്മകതയുമാണ്. മുത്തലാഖിനെ ഏക സിവില്‍കോഡുമായി കൂട്ടിച്ചേര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. മുത്തലാഖിന്‍െറ കാര്യത്തില്‍ വിരുദ്ധാഭിപ്രായമില്ല. ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ അത് പ്രശ്നഭരിതമാകും’- കൃഷ്ണ പറഞ്ഞു.
ലോകയാത്ര കഴിഞ്ഞ് ചെന്നൈയില്‍ എത്തുമ്പോള്‍ താന്‍ കണ്ടുമുട്ടുന്നവര്‍ തമിഴില്‍ സംസാരിക്കുമ്പോഴും മറ്റൊരു പ്രദേശത്തുള്ളയാളോട് തനിക്കറിയാവുന്ന ഹിന്ദിയില്‍ സംസാരിക്കുമ്പോഴും തിരിച്ചുപറയാന്‍ അറിയാത്ത മലയാളം കേട്ടാല്‍ മനസ്സിലാകുമ്പോഴുമെല്ലാം താന്‍ എവിടെയാണ് നില്ക്കുന്നതെന്ന ബോധ്യമാണ് ഉണ്ടാകുന്നത്. അതിന് ദേശീയതയുടെ ആവശ്യമില്ല എന്നും കൃഷ്ണ പറഞ്ഞു. ഈ ഭാഷകളിലെല്ലാം കലാകാരന്മാരും പുസ്തകങ്ങളും നാടകങ്ങളും ഉണ്ടാകുന്നു. ഇതിന്‍െറയൊക്കെയിടയില്‍ നിറഞ്ഞുനില്ക്കുന്നത് സര്‍ഗാത്മകതയും ഭാവനയുമാണ്. ഇവയെല്ലാം തച്ചുടക്കുന്നതാണ് ഇന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന ദേശീയത. അതിനാല്‍ കലാകാരന്മാര്ക്ക് അതിര്‍ത്തി പാടില്ല. ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതാണ് കല. ദാരിദ്ര്യമോ ധനചിന്തകളോ വര്‍ഗമോ നിറമോ ലിംഗമോ കലയ്ക്ക് വ്യത്യാസം സൃഷ്ടിക്കുന്നില്ല. ഇതിനെ അതിര്‍ത്തികെട്ടിത്തിരിക്കുമ്പോഴാണ് ഇവയുടെ അന്ത:സത്ത നഷ്ടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments