കോഴിക്കോട്; വിവാദങ്ങള്‍ക്കു തിരികൊളുത്തി വീണ്ടും സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദിന്റെ പ്രഭാഷണം.കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കുന്നത് അനിസ്ലാമികമാണെന്നും പകരം ഹോം സ്കൂള്‍ ആണ് വേണ്ടതെന്നുമാണ് പുതിയ വാദം.പീസ് സ്കൂളിനെ പിന്തുണയ്ക്കുന്നതിനൊപ്പം സ്കൂളിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ചുമാണ് പ്രഭാഷണം.’നമ്മുടെ മക്കളെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കാഫിറുകളുടെയും ബിദ്അത്തുകാരുടെയും തോന്നിവാസങ്ങള്‍ക്ക് അനുസരിച്ചല്ല. അള്ളാഹുവിന്റെയും റസൂലിന്റെയും അദ്ധ്യാപനങ്ങളാണ് മറ്റേത് വിഷയത്തിലെന്നപോലെ ഇക്കാര്യത്തിലും വഴികാട്ടി’ എന്നു തുടങ്ങുന്ന വരികള്‍ കുറിച്ചാണ് ഐദീദ് തന്റെ പ്രഭാഷണ ലിങ്ക് ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്.
‘വിട്ടുകൊടുക്കരുത്, നമ്മുടെ മക്കളെ..’ എന്ന പേരിലാണ് ഒരുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.മതവിദ്വേഷ പ്രഭാഷണത്തിന്റേ പേരില്‍ യുഎപിഎ ചുമത്തി കേസെടുത്ത സലഫി പ്രഭാഷകന്‍ ഷംസുദ്ദീന് ഫരീദ് പാലത്ത് അടക്കമുള്ളവര്‍ ഉള്‍കൊള്ളുന്ന സലഫി ഗ്രൂപ്പില്‍പ്പെട്ടയാളാണ് അബ്ദുല്‍ മുഹ്സിന് ഐദീദ്. മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍ നിന്നും വിഘടിച്ച ഗ്രൂപ്പാണിത്. ഐസിസിന്റെ മലയാളം വെബ്സൈറ്റ് അല്‍ മുഹാജിറൂന് ബ്ലോഗില്‍ അബ്ദുല്‍ മുഹ്സിന് ഐദീദ് എഴുതിയ ലേഖനം നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടാം തവണ പ്രത്യക്ഷപ്പെട്ട ഐസിസ് ബ്ലോഗിലും ഈ ലേഖനമുണ്ടായിരുന്നു. മറ്റൊരു സലഫി പണ്ഡിതനായ എം.എം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്കൂളിനെതിരെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഐദീദിന്റെ പ്രഭാഷണം.
‘സ്കൂളുകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ ആണും പെണ്ണുമാണ്. ആണും പെണ്ണും ഇടകലര്‍ന്നു പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും കുട്ടികളില്‍ ഈ ആശയം കുത്തിവെയ്ക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഇസ്ലാമിന് വിരുദ്ധമായ പാഠഭാഗങ്ങള്‍ നിരവധി പഠിപ്പിക്കുന്നുണ്ട് സ്കൂളുകളില്‍. അദ്ധ്യാപകര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അടിപിടികൂടുകയും അദ്ധ്യാപകന് കുട്ടികളുടെ മുന്നില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്യുന്നിടമാണ് സ്കൂൾ.ഇതെല്ലാം അനിസ്ലാമികമാണ്. ഇങ്ങനെ പോകുന്നു പ്രഭാഷണം. എന്തായാലും പുതിയ വിവാദങ്ങൾക്കു വഴിവെച്ചിരിക്കുകയാണ് സലഫി പ്രഭാഷകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
http://edawa.net/makkal/
Post Your Comments