മോസ്കോ: പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നല്‍കുന്നതായി റഷ്യ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന് ശക്തമായ സന്ദേശവുമായാണ് റഷ്യ രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ പാകിസ്ഥാൻ സ്വീകരിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഉറി ആക്രമണത്തിന് ശേഷം പാക് അധീന കാശ്മീരിൽ പാകിസ്ഥാനും റഷ്യയും സംയുക്തമായി സൈനിക അഭ്യാസം നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റഷ്യ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തി. പാകിസ്ഥാനിൽ സൈനിക അഭ്യാസം നടത്തുമെങ്കിലും അത് പാക് അധീന കാശ്മീരിലായിരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ കാലങ്ങളായി ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന റഷ്യ പാക് പാളയത്തിലേക്ക് പോയേക്കുമെന്നും ആശങ്കയുണ്ടായിരുന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളും ഒരിക്കലും നിയന്ത്രണം കൈവെടിയരുത്. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക്, റഷ്യ പിന്തുണയറിയിക്കുന്നു. പാകിസ്ഥാനില്‍ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ അവിടുത്തെ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ നിയന്ത്രണ രേഖയിൽ നടക്കുന്ന കാര്യങ്ങൾ റഷ്യ നിരീക്ഷിക്കുന്നുണ്ട്.
Post Your Comments