തിരുവനന്തപുരം● നടന് മോഹന്‍ലാല്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യുടെ ഗുഡ്വിൽ അംബാസിഡറാകും. പ്രതിഫലം വാങ്ങാതെയാകും അംബാസിഡറായി മോഹൻലാൽ പ്രവര്‍ത്തിയ്ക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മോഹന്‍ലാലിന് നന്ദി അറിയിച്ച മുഖ്യമന്ത്രി ‘ഷെയർ ഓർഗൻസ് സേവ് ലൈവ്സ്’ എന്ന മുദ്രാവാക്യമുയർത്തി അന്താരാഷ്ട്രതലത്തിൽ തന്നെ മാതൃകയാവുന്ന തരത്തിൽ കേരളത്തിലെ അവയവദാന പദ്ധതിയെ മൃതസഞ്ജീവനിയിലൂടെ വിപുലീകരിക്കുവാനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി സാമ്പത്തികവും ധാർമികവുമായുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസിഡറായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കാൻ ശ്രീ. മോഹൻലാൽ തയ്യാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിനു നന്ദി അറിയിക്കുന്നു. ‘ഷെയർ ഓർഗൻസ് സേവ് ലൈവ്സ്’ എന്ന മുദ്രാവാക്യമുയർത്തി അന്താരാഷ്ട്രതലത്തിൽ തന്നെ മാതൃകയാവുന്ന തരത്തിൽ കേരളത്തിലെ അവയവദാന പദ്ധതിയെ മൃതസഞ്ജീവനിയിലൂടെ വിപുലീകരിക്കുവാനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി സാമ്പത്തികവും ധാർമികവുമായുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.
മെഡിക്കൽ സയൻസിന്റെ ഒരു വലിയ നേട്ടമാണ് അവയവകൈമാറ്റം സാധ്യമാക്കാൻ കഴിഞ്ഞത്. ഹൃദയമുൾപ്പെടെ പ്രശ്നബാധിതമായ അവയവങ്ങൾ മാറ്റി വെക്കാനുള്ള സാധ്യതകൾ തെളിഞ്ഞതോടെ വിലപ്പെട്ട ധാരാളം മനുഷ്യജീവിതങ്ങൾ രക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയവദാനം ഒരു മനുഷ്യസേവനവും ഒരു സാമൂഹ്യ ഉത്തരവാദിത്തവും കൂടിയാണ്.
എന്നാൽ അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിനു തയ്യാറാകുന്നതുമായ ആളുകളുടെ എണ്ണത്തിൽ ഇപ്പോഴും വലിയ വിടവ് നിലനിൽക്കുന്നു. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നതു തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാൻ സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാകുന്നത് അവയവകൈമാറ്റപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര അവയവകൈമാറ്റത്തിനായി മൃതസഞ്ജീവനി എന്ന പദ്ധതിക്ക് സർക്കാർ തലത്തിൽ രൂപം നൽകിയത്. അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (Kerala Network for Organ Sharing) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവെക്കേണ്ട രോഗികളുടെ വിവരങ്ങളും, മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. അവയവക്കൈമാറ്റത്തിൽ സുതാര്യത ഉറപ്പുവരുത്താൻ ഇതിന്റെ ഭാഗമായി സാധിക്കുന്നുണ്ട്. അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്താനും KNOS ശ്രദ്ധിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 ആളുകൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് രജിസ്ട്രിയിൽ പേർ ചേർത്തിട്ടുണ്ട്.
കേരളത്തിലെ അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംഘടനയായി KNOSനെ മാറ്റാനാണ് സർക്കാരിന്റെ പദ്ധതി. അവയവദാനം സുഗമമാക്കാനുള്ള പെരുമാറ്റച്ചട്ടവും നടപടിക്രമങ്ങളും നിശ്ചയിക്കുക എന്നതും KNOSന്റെ ചുമതലയായിരിക്കും. കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള അവയവങ്ങളുടെ കൈമാറ്റം വേഗത്തിലാക്കുന്നതിനായി വ്യോമസേവനദാതാക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടാനും KNOSനു പദ്ധതിയുണ്ട്.
Post Your Comments