ചെന്നൈ● ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ പ്രതി പി. രാംകുമാര്‍ ആത്മഹത്യ ചെയ്തു. ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് രാംകുമാര്‍ ജീവനൊടുക്കിയത്. അതീവസുരക്ഷയുള്ള ജയിലിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള വൈദ്യുത പ്രവാഹമുള്ള വയറില്‍ പിടിച്ച് ജീവനോടുക്കുകയായിരുന്നു. ആ സമയം വേറെയാരും സെല്ലില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ഇയാളെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
തിരുനെല്‍വേലി സ്വദേശിയായ രാംകുമാര്‍ കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെ 6.30ന് ആണ് ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വച്ച് സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് രാംകുമാറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം തിരുനെല്‍വേലിയില്‍ നിന്ന് പോലീസ് പിടികൂടാന്‍ എത്തിയപ്പോഴും ഇയാള്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
രാംകുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് വി.സി.കെ നേതാവ് തോല് തിരുമാവളന് ആവശ്യപ്പെട്ടു.
Post Your Comments