ബെംഗളൂരു: കാവേരി പ്രശ്‌നം ബെംഗളൂരു നഗരത്തെ കുലുക്കിയപ്പോള്‍ കെപിഎന്‍ ട്രാവല്‍സിന് സംഭവിച്ചത് കോടികളുടെ നഷ്ടമാണ്. ട്രാവല്‍സിന്റെ 42 ബസുകളാണ് കത്തി തീര്‍ന്നത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബിരിയാണിക്ക് വേണ്ടിയാണിത് ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുന്നു.
ബസുകള്‍ക്കു തീയിട്ട കേസില്‍ അറസ്റ്റിലായ 22കാരിയായ ഭാഗ്യശ്രീയാണ് പൊലീസിന് ഈ മൊഴി നല്‍കിയത്. ബെംഗളൂരുവിലെ ബൈതരായണപുരത്തെ കെപിഎന്‍ ട്രാവല്‍സിന്റെ ഡിപ്പോയ്ക്കു സമീപപ്രദേശത്താണ് ഭാഗ്യശ്രീയുടെ വീട്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്തെ യുവാക്കള്‍ തന്നോട് ഇത് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കെപിഎന്‍ ഡിപ്പോയില്‍ തീയിട്ടാല്‍ ബിരിയാണി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞുവെന്ന് യുവതി മൊഴി നല്‍കി.
ഭാഗ്യശ്രീയുടെ മാതാപിതാക്കള്‍ അടക്കം ചില ബന്ധുക്കള്‍ തീവ്ര കന്നഡപക്ഷ സംഘടനാനുകൂലികളാണെന്നു പൊലീസ് പറയുന്നു. കെപിഎന്‍ ട്രാവല്‍സ് ഡിപ്പോയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭാഗ്യശ്രീ കുടുങ്ങിയത്.
ഭാഗ്യശ്രീ ക്യാനില്‍ പെട്രോള്‍ നിറച്ചു വരുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബസുകളുടെ മുകളില്‍ പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നത് കാണാം.
Post Your Comments