KeralaNews

ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചുകൂട്ടിയ കെട്ടിടങ്ങളെ സംബന്ധിച്ച് പുതിയ നയവുമായി സര്‍ക്കാര്‍

കുറ്റിപ്പുറം: ചട്ടംപാലിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയശേഷം നമ്പറിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.എന്നാൽ ഫ്‌ളാറ്റ് നിര്‍മാണലോബിയുടെ സമ്മര്‍ദ്ദമാണതിനു പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ആശുപത്രികൾ , ഫ്‌ളാറ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാമായി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമക്കുരുക്കില്‍പ്പെട്ടുകിടക്കുന്നുണ്ട് .പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ പരിശോധിച്ച് അവയ്ക്ക് നമ്പറിട്ട് നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് നിര്‍മാണാനുമതി തരപ്പെടുത്തുകയും എന്നാല്‍, നമ്പറിടാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് ഉടമകള്‍ അപേക്ഷയുമായി സര്‍ക്കാരിനെ സമീപിച്ചത്.ആക്ഷേപങ്ങള്‍ ഒഴിവാക്കാനായി മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സമിതിയായിരിക്കും പരിശോധന നടത്തി പിഴ തീരുമാനിക്കുക.

റോഡില്‍നിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.കെട്ടിട ഉമടകളില്‍നിന്നും ഭീമമായ സംഖ്യ പിഴയായി ഈടാക്കണമെന്ന നിര്‍ദേശമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.എന്നാൽ ചട്ടംലംഘിച്ച കെട്ടിടങ്ങള്‍ക്ക് ഇതിനോടകം അനധികൃതമായി നമ്പറിട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.പിഴയുടെ അമ്പത് ശതമാനം സര്‍ക്കാരിലേക്കും ബാക്കി തുക അതത് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിലേക്കും വകയിരുത്താനാണ് സര്‍ക്കാര്‍ ആലോചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button