ഗയ● ബീഹാറിലെ ഗയ ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍ പെട്രോള്‍ കണ്ടെത്തി. ഗയ ജില്ലയിലെ രാംപൂര്‍ താന ഏരിയയിലാണ് സംഭവം. വെള്ളമില്ലാതെയായതോടെ കിണര്‍ ഗ്രാമവാസികള്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കിണറില്‍ കഴിഞ്ഞദിവസം വെള്ളം നിറഞ്ഞത് കണ്ടെതിനെത്തുടര്‍ന്ന് കോരി നോക്കിയപ്പോഴാണ് പെട്രോളും ഡീസലും കലര്‍ന്ന ഗന്ധം അനുഭവപ്പെട്ടത്.
കിണറില്‍ പെട്രോള്‍ കണ്ടെത്തിയെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഇത് കാണാനും തങ്ങളുടെ പങ്ക് പെട്രോള്‍ സ്വന്തമാക്കാനും നാട്ടുകാര്‍ ഇവിടേക്ക് ഒഴുകിയെത്തി. പെട്രോള്‍ സ്വന്തമാക്കാന്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് കണ്ട പോലീസ് സ്ഥലത്തെത്തി കിണര്‍ സീല്‍ ചെയ്തു. സംഭവം ഇന്ത്യന്‍ ഓയില്‍ അധികൃതരേയും സര്‍ക്കാരിനേയും അറിയിച്ചിട്ടുണ്ട്.
കിണറില്‍ പെട്രോള്‍ പോലത്തെ എണ്ണ കണ്ടെത്തിയതായി സ്ഥലം എസ്.ഐ സ്ഥിരീകരിച്ചു. കിണര്‍ സീല്‍ ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘം ഉടനെത്തുമെന്നും എസ്.ഐ ചന്ദ്രശേഖര്‍ സിംഗ് അറിയിച്ചു.
Post Your Comments