ഗുരുവായൂര്‍● ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള 2014-15 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് പ്രസംഗത്തിലെ പദ്ധതിയില്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഒട്ടാകെ അനുമതി ലഭിച്ച എട്ട് കേന്ദ്രങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ഗുരുവായൂരിന് മാത്രമാണ് അംഗീകാരം കിട്ടിയതെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തിന്റെ സമഗ്ര വികസനം, പുതിയ തൊഴിലവസരം സൃഷ്ടിക്കല്‍, ലോക നിലവാരത്തിലുളള അടിസ്ഥാന സൗകര്യ രൂപീകരണം, പ്രാദേശിക കലകളുടെ പ്രോത്സാഹനം, നാടന്‍ ഭക്ഷണത്തിന്റെയും, കരകൗശല ഉല്പന്നങ്ങളുടെയും വിപണനം വിപുലപ്പെടുത്തുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. റോഡുകളുടെ വികസനം, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, കുടിവെളള സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവയും നടപ്പാക്കും. സ്മാരകങ്ങളുടെയും പൈത്യക സ്ഥാപനങ്ങളുടെയും സംരക്ഷണം, വൈദ്യുതാലങ്കാരം, ക്ലോക്ക് റൂം, ടോയ്‌ലറ്റ് സൗകര്യം, വിശ്രമ മുറി, നിരീക്ഷണ ഗോപുരം, ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍, റെയിന്‍ ഷെല്‍റ്ററുകള്‍, മരക്കുടിലുകള്‍, പരമ്പരാഗത പാതകള്‍, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ ഉണ്ടാകും. വൈഫൈ ഉള്‍പ്പെടെയുളള ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളും ഉറപ്പുവരുത്തും.
പ്രസാദ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയുളള വികസന പദ്ധതിയുടെ അനുമതി ലഭിച്ചതോടുകൂടി ഗുരുവായൂരിന് ലോക തീര്‍ത്ഥാടന ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ലഭിക്കും. ഇത് കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
Post Your Comments