വഡോദര : രാജ്യത്തുടനീളമുള്ള റെയില്‍വേയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ബൃഹദ്പദ്ധതിയുടെ ആരംഭമെന്ന നിലയില്‍ പുതിയ നാലു ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. അന്ത്യോദയ, ഉദയ്, തേജസ്, ഹംസഫര്‍ എന്നീ പേരുകളില്‍ നാലു ട്രെയിനുകളാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത്. റെയില്‍വേ ബഡ്ജറ്റ് വേളയില്‍, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ പുതിയ ട്രെയിന്‍ ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹിയ്ക്കു വരുന്ന സാഹചര്യം ഒഴിവാക്കുകയാണെന്നും, മറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ മുന്നോട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളും, റെയില്‍വേയുടെ വികസനത്തില്‍ ഭാഗമാകണമെന്നും, അതതു സംസ്ഥാനങ്ങളില്‍ വികസനപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതാണ് അന്ത്യോദയ എക്സ്പ്രസ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും തീവണ്ടിയാത്ര ലാഭകരമാകുന്ന വിധത്തിലാകും അന്ത്യോദയ എക്സ്പ്രസ്സിന്റെ സര്‍വ്വീസെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു മൂന്നു ട്രെയിനുകള്‍ റിസര്‍വേഷന്‍ സൗകര്യം ഉള്ളവയായിരിക്കും. ഇനി വരുന്ന രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കാനാകും. ഇതു കൂടാതെ ദീര്‍ഘദൂര ട്രെയിനുകളില്‍ രണ്ടു മുതല്‍ നാലു വരെ ‘ദീന് ദയാലു കോച്ചുകള്‍’ കൂടി സാധാരണക്കാര്‍ക്കു വേണ്ടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായിരിക്കും പുതിയ തീവണ്ടികള്‍. ഹംസഫര്‍ എക്സ്പ്രസില്‍ പൂര്‍ണ്ണമായും തേര്‍ഡ് എ.സി കോച്ചുകളാവും ഉണ്ടാവുക. തേജസ് എക്സ്പ്രസ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയായിരിക്കും. ഉദയ് (ഉത്കൃഷ്ട് ഡബിള്‍ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്ര) തിരക്കേറിയ പാതകളില്‍ 40 ശതമാനം യാത്രക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തക്ക വിധമുള്ളവയായിരിക്കും. തീവണ്ടികളില്‍ വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments