NewsIndiaInternationalGulf

സൗദി തൊഴില്‍ പ്രതിസന്ധി: ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സുഷമ സ്വരാജ്

സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സൗദി സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. സൗദിയിലേക്ക് ഇന്ത്യ വിമാനങ്ങള്‍ അയക്കേണ്ടതില്ലെന്നും, ഇന്ത്യക്കാര്‍ക്ക് തിരിച്ചു വരാന്‍ സൗദി തന്നെ സൗകര്യം ഒരുക്കുമെന്നും അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചതായി സുഷമ സ്വരാജ് പറഞ്ഞു.

അതിനിടെ, സൗദിയിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിക്കാന്‍ കേന്ദ്ര സഹമന്ത്രി വി.കെ. സിങ്ങിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മറ്റു പല രാജ്യക്കാരും താമസിക്കുന്ന ക്യാംപിലേക്ക് ഇന്ത്യയില്‍നിന്നുള്ള മന്ത്രിയെ അയക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നല്‍കാത്തത്.

ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാക്കുമെന്നു സൗദി രാജാവ് ഉറപ്പു നല്‍കി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസകള്‍ നല്‍കും. ഇതു ലഭിക്കുന്ന മുറയ്ക്കു നാട്ടിലേക്കു മടങ്ങാം. സൗദിയില്‍ത്തന്നെ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മറ്റു കമ്പനികള്‍ ചേരുന്നതിനുള്ള നിയമ തടസം ഒഴിവാക്കും.

മടങ്ങിപ്പോകുന്നവര്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതും സൗദി അംഗീകരിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്. ഇതിനു പകരം ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ സൗദി അധികൃതര്‍ നടപടിയെടുക്കുമെന്നും അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചതായി സുഷമ സ്വരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button