ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാമൂഹിക പ്രവര്ത്തകന് ഹര്‍ഷ മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
2014 ഡിസംബര്‍ 30 നാണ് മുംബൈ സെഷന്‍സ് കോടതി അമിത് ഷായെ കുറ്റവിമുക്തമാക്കിയത്. ഇത് ചോദ്യംചെയ്താണ് ഹര്‍ഷ കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തുള്‍സിറാം കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹം പ്രതിചേര്‍ക്കപ്പെടുക ആയിരുന്നു എന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തലിനെയും ഹര്‍ഷ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട ആളാണ് ഹര്‍ജി നല്കുന്നതെങ്കില് അതില്‍ കാര്യമുണ്ടെന്നും എന്നാല്‍ ഹര്ജിക്കാരന് കേസുമായി വിദൂര ബന്ധം പോലും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോടതി ആരെയും നിയമത്തിന് മുകളില്‍ കാണുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
2005 നവംബര്‍ 24 നാണ് സൊഹ്റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ ഗുജറാത്ത് ഭീകര വിരുദ്ധസേനയും രാജസ്ഥാന് പൊലീസും പിടിച്ചുകൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം അഹമ്മദാബാദില്‍ വെച്ച് ഇവരെ കൊലപ്പെടുത്തി. സൊഹ്റാബുദ്ദീന്റെ സുഹൃത്തും ഈ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയുമായിരുന്ന തുള്‍സിറാം പ്രജാപതി എന്നയാളെ 2006 ല്‍ പൊലീസ് കൊലപ്പെടുത്തി. പ്രാഥമികാന്വേഷണത്തില്‍ ഈ കൊലപാതകങ്ങള്‍ വ്യാജഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ വ്യാജഏറ്റുമുട്ടലുകളെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ മുംബൈ ഹൈക്കോടതി കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു. 2012 ലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അമിത് ഷായെ കേസില്‍ പ്രതിചേര്‍ക്കുന്നത്.
Post Your Comments