Kerala

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനവും വിവാദമാകുന്നു

തിരുവനന്തപുരം നിയമ-മാധ്യമ ഉപദേഷ്ടാക്കളുടെ നിയമന വിവാദത്തിന്റെ ചൂടാറും മുന്‍പ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനവും വിവാദമാകുന്നു. ഇടതു സാമ്പത്തിക നയത്തിന് വിരുദ്ധമായി നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഗീത ഗോപിനാഥിനെയാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കി നിയമിച്ചത്. ഇതിനെതിരെ ഇടതുമുന്നണിയ്ക്കുള്ളിലും പ്രതിപക്ഷത്തും അമര്‍ഷം ശക്തമായിട്ടുണ്ട്.

ഉപദേശകരുടെ എണ്ണം കൂടുന്നതില്‍ ഇടതുമുന്നിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐക്ക് കടുത്ത എതിര്‍പ്പുണ്ട്. ധനമന്ത്രിയായി തോമസ് ഐസകും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി.കെ രാമചന്ദ്രനും ഉണ്ടെന്നിരിക്കെ സി.പി.എമ്മിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകയായ ഗീതയുടെ നിയമനം ഇടതുകേന്ദ്രങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നിയമന വിവാദത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് സര്‍ക്കാരും ധനമന്ത്രി തോമസ്‌ ഐസക്കും ഇതുവരെയും തയ്യാറായിട്ടില്ല.

അതേസമയം, എതിര്‍പ്പുമായി പ്രതിപക്ഷവും രംഗത്തെത്തി. തോമസ് ഐസകിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആരോപിച്ചപ്പോള്‍ പിണറായി വിജയനു ഭരണത്തില്‍ കയറും മുന്‍പ് ഒരു നയവും ഭരണാധികാരിയായ ശേഷം മറ്റൊരു നയവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയുമായ സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥ്. സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം തുടങ്ങി ഇടത് വിരുദ്ധ സാമ്പത്തിക നിലപാടുകളാണു ഗീത ഗോപിനാഥിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button