ന്യൂഡല്‍ഹി ● കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും വൻ അഴിച്ചുപണി. മന്ത്രി സ്മൃതി ഇറാനിയ്ക്ക് മാനവശേഷി വകുപ്പ് നഷ്ടമായി. കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവഡേക്കര്‍ക്ക് മാനവവിഭവശേഷി വകുപ്പിന്റെ ചുമതല നല്‍കി. സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത് .
പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിനെ വാർത്താവിനിമയ വകുപ്പിലേക്ക് മാറ്റി. നിയമവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സദാനന്ദ ഗൗഡയെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെയ്ക്കും മാറ്റി. ടെലകോം മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദാണ് പുതിയ നിയമവകുപ്പു മന്ത്രി. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിച്ച എം.ജെ.അക്ബർ വിദേശകാര്യ സഹമന്ത്രിയാകും. എച്ച്.അനന്തകുമാറാണ് പാർലമെന്ററികാര്യ മന്ത്രി. എസ്.എസ്. അലുവാലിയ കൃഷിവകുപ്പ് കൈകാര്യം ചെയ്യും. അനിൽ ദാവെ – വനം, പരിസ്ഥിതി, വിജയ് ഗോയൽ – കായികം, ഇന്ദ്രജിത് സിങ് – നഗരകാര്യം എന്നിവയാണ് മറ്റ് മാറ്റങ്ങള്‍ .
നേരത്തെ, 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ മന്ത്രിസഭയിൽനിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു. നിഹാൽചന്ദ്, ആർ.എസ്.കതേരിയ, സൻവർലാൽ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നിവരെയാണ് ഒഴിവാക്കിയത്.
Post Your Comments